തൃശൂർ: പ്രതിപക്ഷം ആവശ്യപ്പെട്ടപ്രകാരം മാസ്റ്റർ പ്ലാൻ ചർച്ച ചെയ്യാനായി കോർപറേഷൻ പ്രത്യേക കൗൺസിൽ യോഗം ചേരും. ജൂലായ് ഏവിന് രാവിലെ 11ന് കോർപറേഷൻ കൗൺസിൽ ഹാളിലാണ് യോഗം ചേരുക. കൊവിഡ് പ്രോട്ടോകോൾ പാലിച്ചാകും യോഗം. കൗൺസിൽ യോഗം വിളിച്ച് ചർച്ച ചെയ്യാതെ മാസ്റ്റർ പ്ലാനിന് നിയമാനുസൃത അംഗീകാരം ലഭിക്കില്ലെന്ന പ്രതിപക്ഷ വാദം കണക്കിലെടുത്താണ് ഭരണപക്ഷത്തിന്റെ പുതിയ നീക്കം.

കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന യോഗത്തിൽ കൗൺസിൽ ചർച്ച ചെയ്യാത്ത മാസ്റ്റർ പ്ലാനിനെ സംബന്ധിച്ച് പ്രതിപക്ഷം ഗുരുതരമായ നിരവധി ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മാസ്റ്റർ പ്ലാൻ വിഷയത്തിൽ സമരത്തിനിറങ്ങുമെന്നും പ്രതിപക്ഷം അറിയിച്ചിരുന്നു.

പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലന്റെ നേതൃത്വത്തിൽ 24 യു.ഡി.എഫ് അംഗങ്ങളും മാസ്റ്റർ പ്ലാൻ വിഷയത്തിൽ പ്രത്യേക കൗൺസിൽ യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നൽകുകയായിരുന്നു. ഇതേതുടർന്നാണ് പ്രത്യേക യോഗം വിളിച്ചുചേർക്കാൻ ഭരണസമിതി തീരുമാനിച്ചത്. മാസ്റ്റർ പ്ലാനിനെ സംബന്ധിച്ച് പ്രതിപക്ഷം പറഞ്ഞുപരത്തുന്ന കാര്യങ്ങൾ വാസ്തവമല്ലെന്ന് ജനം തിരിച്ചറിയുമെന്നും ചർച്ചയ്ക്ക് വിധേയമാക്കുമെന്നും ഭരണപക്ഷം കണക്ക്കൂട്ടുന്നു.

പ്രതിപക്ഷ വാദങ്ങളുടെ മുനയൊടിക്കാൻ ഭരണസമിതിയിലെ ഭൂരിപക്ഷം കൊണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. മാസ്റ്റർ പ്ലാൻ വിഷയത്തിൽ പ്രത്യേക കൗൺസിൽ വിളിക്കാൻ തീരുമാനിച്ചത് സ്വാഗതം ചെയ്യുന്നതായും തീരുമാനം പ്രതിപക്ഷത്തിന്റെയും ജനങ്ങളുടെയും വിജയമാണെന്നും കോർപറേഷൻ നഗരാസൂത്രണകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജോൺ ഡാനിയൽ പറഞ്ഞു.

ഈ വിഷയത്തിൽ രേഖകൾ ഇല്ലെന്ന് പറഞ്ഞ് മാറ്റിവച്ച കൗൺസിൽ യോഗമാണ് പ്രതിപക്ഷ ഇടപെടലിനെ തുടർന്ന് ഇപ്പോൾ വിളിക്കുന്നത്. മാസ്റ്റർ പ്ലാനിനെ സംബന്ധിച്ച് ജനങ്ങളുടെ ആശങ്കകൾ ദൂരീകരിക്കാൻ തക്കവിധമുള്ള ചർച്ചയ്ക്കും ജനങ്ങളുടെ ആശങ്ക സർക്കാരിനെ അറിയിക്കാനും പ്രത്യേക കൗൺസിൽ യോഗം ഉതകുമെന്നും അദ്ദേഹം പ്രതികരിച്ചു.