ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഒന്നര മാസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നലെ 600 പേർ ദർശനത്തിനെത്തി. ഓൺലൈനിൽ ബുക്ക് ചെയ്ത ഭക്തർ കുറവായതിനാൽ ആധാർ കാർഡുമായി നേരിട്ടെത്തിയവർക്കും പ്രവേശനം അനുവദിച്ചു. ഒരേസമയം 15 പേരെ മാത്രമേ ക്ഷേത്രത്തിലേക്ക് കടത്തിവിടുകയുള്ളൂവെന്നാണ് പറഞ്ഞിരുന്നതെങ്കിലും തിരക്കില്ലാതിരുന്നതിനാൽ അത്തരം നിയന്ത്രണം വേണ്ടിവന്നില്ല. ഇന്നലെ രാവിലെ നാലര മുതൽ ഭക്തരെ പ്രവേശിപ്പിച്ചുതുടങ്ങി. ഓൺലൈനിൽ ബുക്ക് ചെയ്തവർക്ക് രാവിലെ 9 മുതലാണ് ദർശനം. വൈകിട്ട് നാലര മുതൽ ആറര വരെയും ഭക്തർക്ക് പ്രവേശനം നൽകി.
മൂന്ന് വിവാഹങ്ങളും ഇന്നലെ നടന്നു. ഇന്നത്തേക്ക് ഒരു വിവാഹം ബുക്ക് ചെയ്തിട്ടുണ്ട്. ഒരു ദിവസം 80 വിവാഹം നടത്തുന്നതിനാണ് അനുമതിയുള്ളത്. ക്ഷേത്രത്തിൽ ചോറൂണ് ഒഴികെയുള്ള വഴിപാടുകൾ ആരംഭിച്ചു. തുലാഭാരം ഉൾപ്പെടെ മൂന്ന് ലക്ഷത്തോളം രൂപയുടെ വഴിപാടുകളാണ് ഇന്നലെ നടന്നത്. ഏഴു പേർ നെയ് വിളക്ക് വഴിപാട് നടത്തി.