കൊടുങ്ങലൂർ: നഗരസഭ പ്രദേശത്തെ താമസക്കാർ കൊവിഡ് ബാധിച്ച് മരിച്ചാൽ മൃതദേഹം നഗരസഭാ ക്രിമറ്റോറിയത്തിൽ സംസ്‌കരിക്കുന്നതിന് ഏർപ്പെടുത്തിയ ഫീസ് ഇനി മുതൽ ഒഴിവാക്കാൻ കൗൺസിൽ യോഗം തീരുമാനിച്ചു. കൊടുങ്ങല്ലൂർ നഗരസഭയുടെ ഉടമസ്ഥതയിലുള്ള വിവിധ ഷോപ്പിംഗ് കോംപ്ലക്‌സുകളിൽ പ്രവർത്തിക്കുന്ന കടമുറികൾക്ക് ലോക്ക് ഡൗൺ കാലത്തെ വാടക ഒഴിവാക്കും. ലോക്ക്ഡൗൺ കാരണം തുറക്കാൻ കഴിയാത്ത ബസ് സ്റ്റാൻഡിലും ചന്തപ്പുരയിലും ശൃംഗപുരത്തും കാവിൽക്കടവിലുമുള്ള ഷോപ്പിംഗ് കോംപ്ലക്‌സുകളിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കാണ് സർക്കാർ ഉത്തരവ് പ്രകാരം നിബന്ധനകൾക്ക് വിധേയമായി ഇളവുകൾ അനുവദിക്കുന്നത്. പി.എം.എ.വൈ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി വിഭാഗത്തിൽ പെട്ട 70 പേർക്ക് വീട് നിർമ്മിച്ച് കൊടുക്കുന്നതിനുള്ള പ്രോജക്ട് റിപ്പോർട്ടിന് കൗൺസിൽ അംഗീകാരം നൽകി. ശൃംഗപുരത്ത് വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസ് ചോർന്നൊലിക്കുന്ന നിലയിൽ ആയതിനാൽ ഓഫീസ് പ്രവർത്തിക്കുന്നതിന് നഗരസഭയുടെ കാവിൽക്കവിലെ ഷോപ്പിംഗ് കോംപ്ലക്‌സിലെ മുറി വാടകയ്ക്ക് നൽകും. കെ.കെ.ടി.എം.ജി.ജി ഹയർസെക്കൻഡറി സ്‌കൂളിൽ പുതിയ നാല് ക്ലാസ് മുറികൾ പണിയുന്നതിനും പഴയ ക്ലാസ്മുറി പൊളിച്ചു മാറ്റുന്നതിനും കൗൺസിൽ അനുമതി നൽകി. നഗരസഭയിൽ ആധുനിക അറവുശാല നിർമ്മിക്കുന്നതിന് സ്ഥലം അക്വയർ ചെയ്യുന്നതിനും കൗൺസിൽ തീരുമാനിച്ചു.
ചെയർപേഴ്‌സൺ എം.യു ഷിനിജ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.ആർ. ജൈത്രൻ, കെ. എസ്. കൈസാബ് , ഡി.ടി. വെങ്കിടേശ്വരൻ, വി.എം. ജോണി, പി.എൻ. വിനയചന്ദ്രൻ, ടി.എസ്. സജീവൻ എന്നിവർ സംസാരിച്ചു.