വാടാനപ്പിള്ളി: പരമ്പരാഗത വലകൾ ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നതിന് മത്സ്യത്തൊഴിലാളികളെ അനുവദിക്കണമെന്ന് അടിയന്തരമായി ചേർന്ന മത്സ്യത്തൊഴിലാളികളുടെ ചാവക്കാട് താലൂക്ക് തല യോഗം ആവശ്യപ്പെട്ടു. കൊവിഡിനെ തുടർന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പട്ടിണിയിലാണ്. തൊഴിലാളികളുടെ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്കും ഫിഷറീസ് മന്ത്രിക്കും നിവേദനം നൽകും. തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ഭഗീഷ് പൂരാടനെ അതിനായി യോഗം ചുമതലപ്പെടുത്തി. രവി കറുത്താണ്ടൻ, മനോജ് പ്ലാക്കപറമ്പിൽ, രാജൻ ആലുങ്കൽ, ദിനേഷ് വളവത്ത്, കുട്ടൻ ഊക്കൻ എന്നിവർ പങ്കെടുത്തു.
മുനക്കകടവിൽ പൊലീസും ഫിഷറീസ് അധികൃതരും അനധികൃത മീൻപിടുത്തമെന്നാരോപിച്ച് കഴിഞ്ഞ ദിവസം എട്ട് മീൻ പിടുത്തവള്ളങ്ങൾ പിടിച്ചെടുത്തതിനെ തുടർന്നാണ് മത്സ്യത്തൊഴിലാളികൾ യോഗം ചേർന്നത്. തീരത്തോടു ചേർന്ന് രണ്ടു വള്ളങ്ങൾക്കിടയിൽ വലകെട്ടി മീൻപിടിച്ചതിനാണ് വള്ളങ്ങൾ പിടിച്ചെടുത്തതെന്ന് പറയുന്നു. പിടിച്ചെടുത്ത വള്ളങ്ങൾ 5000 രൂപ പിഴയീടാക്കിയ ശേഷം പിന്നീട് വിട്ടയച്ചു. പിഴയീടാക്കിയ ഫിഷറീസ് അധികൃതരുടെ നടപടി പ്രതിഷേധാർഹമാണെന്ന് തളിക്കുളം ബ്ലോക്ക് പഞ്ചായത്തംഗം ഭഗീഷ് പൂരാടൻ പറഞ്ഞു.