veedorukkunnu

എ.ഐ.വൈ.എഫ് പ്രവർത്തകർ സുധിക്കും ഗീതയ്ക്കും വീടൊരുക്കുന്നു.

തൃപ്രയാർ: ബുദ്ധിവൈകല്യമുള്ള യുവാവിനും സഹോദരിക്കും എ.ഐ.വൈ.എഫ് പ്രവർത്തകർ വീടൊരുക്കി നൽകി. നാട്ടിക പഞ്ചായത്തിലെ പതിമൂന്നാം വാർഡിലെ ജന്മനാ ബുദ്ധിവൈകല്യം സംഭവിച്ച സുധി (46)​,​ സഹോദരി ഗീത എന്നിവർക്കാണ് എ.ഐ.വൈ.എഫ് പ്രവർത്തകർ തണലായത്.

അഞ്ച് മക്കളടങ്ങിയ കുടുംബമായിരുന്നു ഇവരുടേത്. അച്ഛനും അമ്മയും മരണപ്പെട്ടപ്പോൾ സുധിയെ ഉപേക്ഷിച്ച് മറ്റുള്ളവർ മാറി താമസിച്ചു. അടുക്കളപ്പണിയും, കൂലിവേല ചെയ്തുമാണ് ഗീത കുടുംബം നോക്കിയിരുന്നത്.

പിന്നീട് ഗീതക്ക് ആരോഗ്യ പ്രശ്നങ്ങൾ വന്നതോടെ ആകെയുള്ള വരുമാനവും ഇല്ലാതെയായി.

ഇവരുടെ ഓടിട്ട വീട്ടിലെ മരങ്ങൾ ദ്രവിച്ച് ഏത് സമയവും തകർന്ന് വീഴാവുന്ന നിലയിലാണ്. സർക്കാർ പെൻഷൻ,​ സന്നദ്ധ പ്രവർത്തകർ നൽകുന്ന ഭക്ഷ്യകിറ്റുകൾ എന്നിവയാണ് ഇവരുടെ ഏക ആശ്രയം. മറ്റു മക്കൾ അവകാശം നൽകാത്തതിനാൽ സർക്കാർ പദ്ധതികളിലൂടെ ഇവർക്ക് വീടൊരുക്കാൻ കഴിഞ്ഞില്ല.

ഇവരുടെ ദയനീയാവസ്ഥ അറിഞ്ഞ് തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മൂത്തകുന്നം ഡിവിഷൻ മെമ്പർ ബിജോഷ് ആനന്ദും,​ എ.ഐ.വൈ.എഫ് നേതാക്കളും ചേർന്ന് 20,000 രൂപയോളം സമാഹരിച്ചു. തുടർന്ന് ദ്രവിച്ച മരങ്ങൾ മാറ്റി മേൽക്കൂര ഓട് പാകിയും,​ മറ്റ് ഭാഗങ്ങളിൽ ആസ്‌ബെറ്റോസ് ഷീറ്റ് മേഞ്ഞും എ.ഐ.വൈ.എഫ് നാട്ടിക മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ വീട് പുനർനിർമ്മിച്ചു.

എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം ടി.വി ദിപുവിന്റെ നേതൃത്വത്തിൽ സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.പി പ്രദീപ്, ബിജു കുയിലംപറമ്പിൽ, ജിനിഷ് ഐരാട്ട്, അവിനാഷ് കെ.ആർ, വിന്യാസ് നാട്ടിക, സീമ രാജൻ, മണി നാട്ടിക, മഹേഷ് നായരുശ്ശേരി, സീമ കണ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം.