ഏങ്ങണ്ടിയൂർ: തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രത്തിന്റെ ചുറ്റമ്പലം പൊളിച്ചു പണിയുന്ന പ്രവർത്തനം തുടങ്ങി. നൂറ്റമ്പതിലേറെ വർഷം പഴക്കമുള്ള ക്ഷേത്രമായതിനാൽ പഴമ പൂർണമായും നിലനിറുത്തിയാണ് പുനരുദ്ധാരണ പ്രവർത്തനം നടത്തുന്നതെന്ന് ക്ഷേത്രം മേൽശാന്തി സജീവ് എമ്പ്രാന്തിരി അറിയിച്ചു. 108 ശിവാലയങ്ങളിൽ പ്രശസ്തമാണ് തിരുമംഗലം ശ്രീ മഹാവിഷ്ണു ശിവക്ഷേത്രം. ചുറ്റമ്പലത്തിന്റെ ഉത്തരം, കഴുക്കോൽ, പട്ടിക എന്നിവയുൾപ്പെടെ പൊളിച്ചു നീക്കുന്ന പ്രവർത്തനം പുരോഗമിക്കുകയാണ്. പ്ലാവ്, അയിനിപ്ലാവ്, തേക്ക് എന്നിവയുടെ തടികൾ ഉപയോഗിച്ചാണ് പുതിയത് നിർമ്മിക്കുക. പത്തുലക്ഷത്തോളം രൂപ ചെലവ് വരും.