covid

തൃശൂർ: കഴിഞ്ഞ അദ്ധ്യയന വർഷം കൊവിഡ് രോഗം ബാധിച്ചതിനെ തുടർന്ന് സെമസ്റ്റർ പരീക്ഷ എഴുതാനാവാതെ പോയ വിവിധ സർവകലാശാലകളിലെ ബിരുദ, ബിരുദാനന്തര ബിരുദ വിദ്യാർത്ഥികൾ വലയുന്നു.

അവസാന വർഷ വിദ്യാർത്ഥികളുടെ കാര്യം പരിതാപകരമാണ്. ബാക്കി സെമസ്റ്റർ വിദ്യാർത്ഥികൾക്ക് സപ്ലിമെന്ററി പരീക്ഷ എഴുതി നഷ്ടപ്പെട്ടവ എഴുതിയെടുക്കാം. എന്നാൽ അവസാന വർഷക്കാർക്ക് പരീക്ഷാഫലം വന്നതിന് ശേഷം നഷ്ടപ്പെട്ട പരീക്ഷ എഴുതി എടുക്കേണ്ട ഗതികേടാണ്. ഇതുമൂലം ഇവർക്ക് നഷ്ടമാവുക ഒരു വർഷമാണ്. ഇത് ഉന്നത പഠനത്തെയും ബാധിക്കും.

കഴിഞ്ഞ അദ്ധ്യയന വർഷത്തിൽ കൊവിഡ് ബാധിച്ചതിനാൽ വിവിധ സെമസ്റ്ററുകളിലെ പരീക്ഷകൾ എഴുതാൻ കഴിയാതെ പോയവരുടെ കാര്യത്തിൽ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. പുതിയ അദ്ധ്യയന വർഷം തുടങ്ങിയിട്ടും ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ് അധികൃതർ. രോഗം വന്നാൽ രോഗകാലവും സമ്പർക്ക വിലക്കുകാലവും കഴിഞ്ഞേ സ്ഥാപനങ്ങൾ വിദ്യാർത്ഥികളെ കോളേജിലെത്താൻ അനുവദിച്ചിരുന്നുള്ളൂ. ഈ സമയത്ത് നടന്ന സെമസ്റ്റർ പരീക്ഷകൾ പൂർണമായും ഭാഗികമായും നഷ്ടപ്പെട്ടവർ ഇക്കൂട്ടത്തിലുണ്ട്.

രോഗം വന്ന സമയത്തെ പരീക്ഷകൾ എഴുതാൻ സർവകലാശാല പ്രത്യേകം അവസരം നൽകുമെന്ന് ബന്ധപ്പെട്ട കോളേജുകൾ കുട്ടികൾക്ക് നേരത്തെ ഉറപ്പ് നൽകിയിരുന്നു. എന്നാൽ തുടർ അന്വേഷണത്തിൽ കോളേജ് അധികൃതർ കൈമലർത്തി. രോഗബാധിതരായ കുട്ടികളെ പരീക്ഷാ സമയത്ത് പ്രത്യേകമായി പരീക്ഷ എഴുതാൻ അവസരം ഒരുക്കിക്കൊടുക്കാൻ ബന്ധപ്പെട്ടവർ വേണ്ട ശ്രദ്ധ പതിപ്പിച്ചുമില്ല.

ഇങ്ങനെ ചെയ്തിരുന്നെങ്കിൽ കുട്ടികൾക്ക് പരീക്ഷ നഷ്ടമാകുമായിരുന്നില്ല. വിവിധ സർവകലാശാലകളിലെ പരീക്ഷാ കൺട്രോളർമാരുമായി കുട്ടികളും രക്ഷിതാക്കളും ബന്ധപ്പെട്ടപ്പോൾ ഇത്തരമൊരു ആവശ്യവുമായി കോളേജ് അധികൃതർ രംഗത്തു വന്നിട്ടില്ലെന്ന നിലപാടാണ് സ്വീകരിക്കുന്നത്. അവസാന വർഷ പരീക്ഷയോടൊപ്പമോ അല്ലെങ്കിൽ കൊവിഡ് മൂലം നഷ്ടപ്പെട്ട പരീക്ഷകൾ പ്രത്യേകമായോ എഴുതാൻ അവസരം നൽകണമെന്നാണ് വിദ്യാർത്ഥികളുടെ ആവശ്യം.