വടക്കാഞ്ചേരി: റോഡ് വികസനത്തിന്റെ ഭാഗമായി പൊട്ടിച്ച പാറക്കല്ലുകൾ വർഷങ്ങളായിട്ടും നീക്കം ചെയ്തില്ല. വാഹനയാത്രക്കാർ അപകട ഭീഷണിയിൽ. തെക്കുംകര പഞ്ചായത്തിലെ കരുമത്ര പാറപ്പുറം സെന്ററിലാണ് റോഡ് വികസനത്തിന്റെ ഭാഗമായി മണ്ണിനടിയിൽ നിന്നും പുറത്തെടുത്ത കുറ്റൻ പാറക്കല്ലുകൾ നീക്കം ചെയ്യാതെ കിടക്കുന്നത്. കരുമത്ര താണിക്കുടം റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായാണ് കല്ലുകൾ പുറത്തെടുത്തത്. എന്നാൽ ഇവ നീക്കം ചെയ്യുന്നതിന് അന്ന് കരാർ നൽകിയിരുന്നവർ നടപടിയെടുത്തില്ലെന്ന് പറയുന്നു. എത് സമയവും അപകടം ഉണ്ടാകുന്ന തരത്തിലാണ് കല്ലുകൾ കിടക്കുന്നത്. കല്ലുകൾ നീക്കം ചെയ്യണമെന്ന് വാർഡ് മെമ്പർ ഉൾപ്പടെയുള്ളവർ നിരവധി തവണ പഞ്ചായത്തിലും പൊതുമരാമത്ത് വിഭാഗത്തിലും പരാതി പറഞ്ഞിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് പ്രദേശത്തെ കാടുകൾ വെട്ടി തെളിയിച്ചിരുന്നു. ഇതിനിടെ വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച റോഡ് വികസനം ഇതുവരെയും ഏങ്ങുമെത്തിയിട്ടില്ല.