ചേർപ്പ്: വൈവിദ്ധ്യങ്ങളായ വാഹനങ്ങളുടെ യഥാർത്ഥ മാതൃകാ രൂപങ്ങൾ നിർമ്മിച്ച് ശ്രദ്ധേയനാവുകയാണ് അവിണിശേരി വള്ളിശേരി എടക്കാട്ടിൽ നന്ദന്റെ മകൻ നിഖിൽ. വല്ലച്ചിറ സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയായ നിഖിൽ ലോക്ഡൗൺ കാലത്ത് നിർമ്മിച്ചുകൂട്ടിയത് എണ്ണമറ്റ വാഹന മാതൃകാ രൂപങ്ങളാണ്.
ജെ.സി.ബി, ലോറി, ടിപ്പർ ലോറി, ടൂറിസ്റ്റ് ബസ്, ഓമ്‌നി വാൻ, ജിപ്‌സി കാർ, ടെംപോ തുടങ്ങിയ വാഹനങ്ങളുടെ രൂപങ്ങളാണ് ഇവയിൽ പ്രധാനം. കാർബോർഡ്, ഫോറസ് ഷീറ്റ്, മൾട്ടിവുഡ്, എന്നിവ ഉപയോഗിച്ചാണ് വാഹനങ്ങൾ നിർമ്മിക്കുന്നത്.
നിർമ്മാണ പൂർത്തിയാകുമ്പോൾ വാഹനങ്ങളുടെ തനത് ശൈലിയിൽ ഫാബ്രിക് കളർ പെയിന്റ് അടിക്കും. പശ, ആണി എന്നിവ ഇതിനായി ഉപയോഗിക്കും. എട്ടാം ക്ലാസിൽ പഠിക്കുമ്പോഴാണ് വാഹനങ്ങളോടുള്ള അമിത പ്രിയം കാരണം ഇത്തരം നിർമ്മാണത്തിലേക്ക് എത്തുന്നതെന്ന് നിഖിൽ പറയുന്നു. ചിത്രരചനയിലും സജീവമായ നിഖിലിന് നിരവധി സമ്മാനങ്ങളും ലഭിച്ചിട്ടുണ്ട്. പിതാവായ നന്ദൻ വിദേശത്ത് ഡ്രൈവറാണ്. മാതാവ് ശ്രീലതയും സഹോദരൻ നിതീഷും നിഖിലിന് പിന്തുണ നൽകുന്നു.