ആമ്പല്ലൂർ: അളഗപ്പനഗർ പഞ്ചായത്തിൽ കൊവിഡ് വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് വൻ ക്രമക്കേടുകൾ നടക്കുന്നതായി ആരോപണം. ആർ.ആർ.ടി അംഗങ്ങൾക്ക് നൽകേണ്ട വാക്‌സിൻ കോൺഗ്രസ് പ്രവർത്തകർക്കും കുടുംബങ്ങൾക്കും കോൺഗ്രസ് അംഗങ്ങളുടെ വാർഡുകളിലേക്കും നൽകുന്നതായാണ് ആരോപണം. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രസിഡന്റും വൈസ് പ്രസിഡന്റും ചേർന്ന് പഞ്ചായത്ത് അസി.സെക്രട്ടറിയുടെ പാസ് വേർഡ് ഉപയോഗിച്ച് താത്കാലിക ജീവനക്കാരന്റെ സഹായത്തോടെ 500 ഓളം അനർഹർക്ക് വാക്‌സിൻ നൽകിയതായാണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഭവത്തിൽ വിശദമായി അന്വേഷണം നടത്തി സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ഭരണ സമിതി അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എൽ.ഡി.എഫ് പഞ്ചായത്ത് കൺവീനർ, ആരോഗ്യ വകുപ്പ് മന്ത്രി, തദ്ദേശ വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ എന്നിവർക്ക് നിവേദനം നൽകി.