വലപ്പാട്: പഞ്ചായത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ച് കാണിക്കാൻ ശ്രമമെന്ന് ആക്ഷേപം. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റിന്റെ നിരുത്തരവാദപരമായ വോയ്‌സ് മെസേജിന്റെ അടിസ്ഥാനത്തിൽ ഐ.സി.എം.ആർ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റിയും പഞ്ചായത്ത് അംഗങ്ങളും ഇന്നലെ ഓഫീസിന് മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി. സുനിൽ ലാലൂർ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി സെക്രട്ടറി അനിൽ പുളിക്കൽ, മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സി.വി വികാസ്, മുസ്ലീം ലീഗ് പ്രസിഡന്റ് എ.എ അബ്ബാസ്, ജോസ് താടിക്കാരൻ, ജെൻസൻ വലപ്പാട് തുടങ്ങിയവർ പ്രസംഗിച്ചു. പ്രതിപക്ഷ പഞ്ചായത്ത് അംഗങ്ങളെ അധിക്ഷേപിച്ച് വോയ്‌സ് മെസേജ് ഇട്ട പഞ്ചായത്ത് അംഗങ്ങൾക്കെതിരെയും, പഞ്ചായത്ത് പ്രസിഡന്റിനെതിരെയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഞ്ച് പേർ വലപ്പാട് പൊലീസിൽ പരാതി നൽകി. പ്രസിഡന്റിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കമ്മിറ്റി പൊലീസിൽ പരാതി നൽകി. വലപ്പാട് പഞ്ചായത്തിൽ നടക്കുന്ന ആർ.ടി.പി.സി.ആർ ടെസ്റ്റിൽ കൊവിഡ് രോഗ ലക്ഷണം ഉള്ളതോ സമ്പർക്കത്തിൽ ഏർപ്പെട്ടവരോ ആയ ഒരാളെപ്പോലും ടെസ്റ്റ് ചെയ്യാതെ ലക്ഷണങ്ങളില്ലാത്ത നാനൂറോളം പേരെ തിരഞ്ഞെടുത്ത് അനാവശ്യമായ ടെസ്റ്റ് നടത്തി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറച്ച് കാണിക്കുന്നുവെന്നാണ് ഉയർന്നുവന്നിട്ടുള്ള ആരോപണം.
പ്രസിഡന്റ് മരണത്തിന്റെ വ്യാപാരിയെന്ന് ശോഭ സുബിൻ
കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറക്കാൻ രോഗലക്ഷണമില്ലാത്തവരെ മാത്രം ടെസ്റ്റിന് വിടാൻ നിർദ്ദേശം നൽകിയത് ജനങ്ങളെ കൊല്ലുന്നതിന് കൂട്ട് നിൽക്കുന്നതിന് സമാനമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ശോഭ സുബിനും ആരോപിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ജനങ്ങളെ മരണത്തിലേക്ക് തള്ളിവിടുകയാണ്. പ്രസിഡന്റ് മരണത്തിന്റെ വ്യാപാരിയായി തീർന്നിരിക്കുന്നു. ഉത്തരവാദിത്തം ഏറ്റെടുത്ത് പഞ്ചായത്ത് പ്രസിഡന്റ് രാജി വയ്ക്കണമെന്നും ശോഭ സുബിൻ ആവശ്യപെട്ടു.
ദുഷ്പ്രചരണമെന്ന് വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ്
തൃപ്രയാർ: ആർ.ടി.പി.സി.ആർ ടെസ്റ്റിന് രോഗക്ഷണമില്ലാത്തവരെ തിരഞ്ഞെടുത്ത് അയക്കണമെന്ന സന്ദേശം തെറ്റായി വ്യാഖ്യാനിച്ച് ദുഷ് പ്രചാരണം നടത്തുകയാണ് കോൺഗ്രസ് അടക്കമുള്ള പാർട്ടികളെന്ന് വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക്ക് പ്രസ്താവനയിൽ അറിയിച്ചു.
രോഗവ്യാപനം ഫലപ്രദമായി തടയാൻ കഴിയണമെങ്കിൽ വ്യാപകമായ ടെസ്റ്റ് നടത്തേണ്ടതുണ്ട്. ആരോഗ്യവകുപ്പിന്റെയും ഐ.സി.എം.ആറിന്റെയും നിർദ്ദേശം പാലിച്ചുകൊണ്ടാണ് പരമാവധി ആളുകളെ പങ്കെടുപ്പിക്കാൻ ആവശ്യപ്പെട്ടത്. കാര്യം മനസ്സിലാക്കാതെ ജനങ്ങൾക്കിടയിൽ ആശങ്കയും ഭീതിയും പടർത്തുവാനാണ് യു.ഡി.എഫും ബി.ജെ.പിയും ശ്രമിക്കുന്നത്. ഇവർ നടത്തുന്ന കുപ്രചരണങ്ങളെ തള്ളിക്കളയണമെന്നും പ്രസിഡന്റ് അഭ്യർത്ഥിച്ചു.