dharna

തൃശൂർ : മെഡിക്കൽ കോളേജിലും നെഞ്ചുരോഗ ആശുപത്രിയിലുമായി താത്കാലിക അടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത് 1500 ഓളം പേർ. എച്ച്.ഡി.എസ്, ആർ.എസ്.ബി.വൈ ( രാഷ്ട്രീയ സ്വാസ്ഥ്യ ബീമാ യോജന), എൻ.എച്ച്.എം എന്നിവ വഴിയാണ് നിയമനം നടക്കുന്നത്. ആർ.എസ്.ബി.വൈ, എൻ.എച്ച്.എം എന്നിവ വഴിയാണ് കൂടുതൽ താത്കാലിക നിയമനം നടക്കുന്നതെന്നാണ് ആക്ഷേപം. അതേ സമയം കളക്ടർ ചെയർമാനായ എച്ച്.ഡി.എസ് വഴിയുള്ള നിയമനം കൂടുതലും രാഷ്ട്രീയമായ നിയമനങ്ങളാണെങ്കിലും കമ്മിറ്റികളിൽ ചർച്ച ചെയ്താണ് തീരുമാനമെടുക്കുന്നത്. എന്നാൽ കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ആർ.എസ്.ബി.വൈ നിയമനങ്ങളാണ് വ്യാപകമായി ഇപ്പോൾ നടക്കുന്നത്. മെഡിക്കൽ കോളേജിൽ നിന്ന് വിരമിച്ച നിരവധി പേരാണ് ഇതിലൂടെ വീണ്ടും ജോലിയിൽ തുടരുന്നത്. സൂപ്രണ്ട്, ഡെപ്യൂട്ടി സൂപ്രണ്ട്, ആർ.എം.ഒ, ലേസൺ സെക്രട്ടറി, നഴ്‌സിംഗ് സൂപ്രണ്ട്, അക്കൗണ്ട്‌സ് ഓഫീസർ എന്നിവരടങ്ങുന്ന ടെക്‌നിക്കൽ കമ്മിറ്റിയാണ് നിയമനം നടത്തുന്നത്. ആർ.എസ്.ബി.വൈ പ്രകാരം മെഡിക്കൽ കോളേജിൽ മാത്രം 250 ഓളം പേരുണ്ട്. വർഷങ്ങളായി എച്ച്.ഡി.എസ് വഴി ജോലിക്ക് കയറിയവരേക്കാൾ ഇരട്ടിയോളം ശമ്പളമാണ് എൻ.എച്ച്.എം, ആർ.എസ്.ബി.വൈ വഴി ജോലിക്ക് കയറിയവർക്ക് ലഭിക്കുന്നത്. ഇതിനിടെ നാഷണൽ ഹെൽത്ത് മിഷൻ വഴി നിയമിക്കുന്ന ജീവനക്കാരെ കൊണ്ട് കൊവിഡ് ഡ്യൂട്ടി ചെയ്യിക്കുന്നില്ലെന്നും പരാതിയുണ്ട്. എന്നാൽ കൊവിഡ് ഡ്യൂട്ടി എടുക്കാതെ, 410 രൂപ റിസ്‌ക് അലവൻസ് കൈപ്പറ്റുന്നവരേറെയാണെന്നും പറയുന്നു.

വിരമിച്ചവർക്ക് വീണ്ടും ജോലി

മേയ് 31 ന് വിരമിച്ചു മെഡിക്കൽ കോളേജിലെ ഒരു യൂണിയൻ നേതാവ് ജൂൺ അഞ്ചിന് വീണ്ടും അവിടെ തന്നെ ജോലിക്ക് കയറിയ സംഭവവും ഉണ്ടായി. എതാനും ആഴ്ച്ച മുൻപ് വിരമിച്ച മറ്റൊരു ജീവനക്കാരനെ താത്കാലികാടിസ്ഥാനത്തിൽ ജോലിക്ക് ആർ.എസ്.ബി.വൈ പ്രകാരം പ്രവേശിപ്പിക്കാൻ അപേക്ഷ നൽകിയത് ആ വിഭാഗത്തിന്റെ വകുപ്പ് തല മേധാവിയായിരുന്നു. എന്നാൽ ഇത് സംബന്ധിച്ച് ടെക്‌നിക്കൽ കമ്മിറ്റിയിൽ ചർച്ച വന്നപ്പോൾ എതാനും പേർ എതിർത്തതോടെ തീരുമാനം പ്രിൻസിപ്പലിന് വിട്ടു.

പിൻവാതിൽ നിയമനം അവസാനിപ്പിക്കണം

എല്ലാ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി, പിൻവാതിൽ നിയമനം നടത്താനുള്ള നീക്കം ഉടൻ അവസാനിപ്പിക്കണം എന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ അസോസിയേഷൻ തൃശൂർ മെഡിക്കൽ കോളേജ് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പാൾ ഓഫീസിന് മുൻവശത്ത് പ്രതിഷേധ സംഗമം നടത്തി. എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.എൻ നാരായണൻ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് കെ.എസ് മധു, ബ്രാഞ്ച് സെക്രട്ടറി പി. ബിബിൻ, ജില്ലാ സെക്രട്ടേറിയേറ്റ് അംഗം പി.എം ഷീബു, ബ്രാഞ്ച് ട്രഷറർ വി.എ ഷാജു, ബ്രാഞ്ച് വൈസ് പ്രസിഡന്റുമാരായ രാജു പി.എഫ് തുടങ്ങിയവർ നേതൃത്വം നൽകി. Image Filename Caption medi.1.1142718.jpg 136.81 KB