ഒല്ലൂർ: കേരഗ്രാമം പോലുള്ള പദ്ധതികൾ കേരകർഷകർക്ക് ഏറെ ഗുണം ചെയ്യുമെന്ന് റവന്യു മന്ത്രി കെ. രാജൻ. കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേരഗ്രാമം പദ്ധതിയുടെ പുത്തൂർ പഞ്ചായത്ത് തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
നാളികേര ഉത്പാദനം ശാസ്ത്രീയമായി നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്‌കരിച്ച പദ്ധതിയാണ് കേരഗ്രാമം. കാർഷിക വകുപ്പ് പഞ്ചായത്ത് കൃഷി ഭവനുകൾ മുഖേന നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് ഏറെ പ്രാധാന്യം കേര കർഷകർക്കിടയിൽ ലഭിച്ചിട്ടുണ്ടെന്നും ഒരു കാർഷിക ഗ്രാമം കൂടിയായ പുത്തൂരിന് ഈ പദ്ധതി ഏറെ ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
നാളികേര ഉത്പാദനം മെച്ചപ്പെടുത്താനും കർഷകരുടെ വരുമാനം വർദ്ധിപ്പിക്കാനും ഇത് ഗുണം ചെയ്യുമെന്നും മന്ത്രി കൂട്ടിചേർത്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അശ്വതി, വിവിധ ജനപ്രതിനിധികൾ ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടനത്തിന്റെ ഭാഗമായി തെങ്ങിൻ തൈയുടെ വിതരണോദ്ഘാടനവും മന്ത്രി നിർവഹിച്ചു.