mla

പുതുക്കാട്: മറ്റത്തൂർ - വരന്തരപ്പിള്ളി പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ആറ്റപ്പിള്ളി റെഗുലേറ്റർ കം ബ്രിഡ്ജിന്റെ അപ്രോച്ച് റോഡിൽ ഗർത്തം രൂപപ്പെടാൻ ഇടയായ സാഹചര്യം വിദഗ്ദ്ധ സംഘം പരിശോധിക്കണമെന്ന് കെ.കെ. രാമചന്ദ്രൻ എം.എൽ.എ. അപ്രോച്ച് റോഡിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് വീഴ്ചയുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കണമെന്നും റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് സത്വര നടപടി സ്വീകരിക്കണമെന്നും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‌ നൽകിയ നിവേദനത്തിൽ എം.എൽ.എ ആവശ്യപ്പെട്ടു.

കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ. രഞ്ജിത്ത്, സ്ഥിരം സമിതി അദ്ധ്യക്ഷൻ, അഡ്വ. അൽജോ പുളിക്കൻ എന്നിവരും നിവേദന സംഘത്തിൽ ഉണ്ടായിരുന്നു. വിഷയത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ മന്ത്രി ഇറിഗേഷൻ ചീഫ് എൻജിനിയർക്ക് നിർദേശം നൽകിയതായും എം.എൽ.എ അറിയിച്ചു.