തൊട്ടിപ്പാൾ: രണ്ട് പതിറ്റാണ്ടായി വൈദ്യുതി കണക്‌ഷൻ ഇല്ലാതിരുന്ന കോലോൻ ഗീതയുടെ വീട്ടിൽ വൈദ്യുതി എത്തിച്ച് പഞ്ചായത്ത് അംഗം. പറപ്പൂക്കര പഞ്ചായത്ത് 18-ാം വാർഡ് അംഗം ശ്രുതി ശിവപ്രസാദിന്റെയും ബി.ജെ.പി പ്രവർത്തകരുടെയും സജീവ ഇടപെടലിലാണ് വർഷങ്ങളായി വൈദ്യുതി ഇല്ലാതിരുന്ന ഗീതയുടെ വീട്ടിൽ വെളിച്ചം പകരാനായത്.
20 വർഷമായി സ്ത്രീകൾ മാത്രം താമസിച്ചിരുന്ന വീട്ടിൽ ആയിരുന്നു വൈദ്യുതി കണക്‌ഷൻ ഇല്ലാതിരുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ശ്രുതി നൽകിയ വാഗ്ദാനം നിറവേറ്റാനായതിന്റെ സന്തോഷത്തിലാണ് വാർഡ് അംഗം. അയൽവാസികളുമായുള്ള തർക്കം നിലനിന്നിരുന്നതാണ് ഗീതയുടെ വീട്ടിൽ വൈദ്യുതി എത്താൻ തടസ്സമായത്.
വർഷങ്ങളായി നിലനിന്നിരുന്ന തർക്കത്തിന് പരിഹാരം കാണാനായതിലും വീട്ടിലേക്ക് വൈദ്യുതി കണക്‌ഷൻ എത്തിക്കാൻ കഴിഞ്ഞതിലുമുള്ള സന്തോഷത്തിലാണ് ഗീതയും കുടുംബവും.