smart

തൃശൂർ: കൃഷിഭവനുകളെ സ്മാർട്ടാക്കാനുള്ള പദ്ധതിയുടെ ആദ്യപടിയായി പേപ്പറില്ലാ കൃഷിഭവനുകൾക്കായി പോർട്ടൽ. സേവനം പൂർണ്ണമായും ഓൺലൈനിലേക്ക് മാറുമ്പോൾ കർഷകർക്ക് കൃഷിഭവനിൽ കയറിയിറങ്ങേണ്ട. സ്മാർട്ട് ഫോണിലൂടെയോ അക്ഷയ കേന്ദ്രങ്ങളിലൂടെയോ അപേക്ഷ നൽകാം. കൃഷിഭവനിൽ ജീവനക്കാരില്ലെന്ന പരാതികൾ മുമ്പ് വ്യാപകമായിരുന്നു. ഓൺലൈൻ ആക്കുന്നതോടെ, കൃഷിയിടങ്ങളിൽ ഇറങ്ങിയുള്ള പ്രവർത്തനങ്ങൾക്ക് കൂടുതൽ സമയം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് കൃഷിവകുപ്പ്.

നാഷണൽ ഇൻഫർമാറ്റിക്‌സ് സെന്ററാണ് പോർട്ടൽ തയ്യാറാക്കിയത്. അഗ്രികൾച്ചർ ഇൻഫർമേഷൻ മെയിന്റനൻസ് സിസ്റ്റം (എ.ഐ.എം.എസ്.) എന്ന പോർട്ടലിലൂടെ അപേക്ഷകൾ സ്വീകരിക്കുന്നത് നേരത്തെ തുടങ്ങിയിരുന്നെങ്കിലും ഇനി കൂടുതൽ സൗകര്യം ഏർപ്പെടുത്താനാണ് നീക്കം. കർഷകരോട് ഓൺലൈൻ രജിസ്‌ട്രേഷൻ പൂർത്തിയാക്കാനുള്ള നിർദ്ദേശം കൃഷിഭവനുകളിൽ നിന്ന് നൽകുന്നുണ്ട്. നാലുലക്ഷത്തോളം കർഷകർ രജിസ്റ്റർ ചെയ്തതായാണ് കണക്കുകൾ. സംസ്ഥാന ബഡ്ജറ്റിൽ സ്മാർട്ട് കൃഷിഭവനുകൾക്കായി പ്രത്യേക പരിഗണനയുണ്ടായിരുന്നു. അതേസമയം, കർഷകർക്കും ഉദ്യോഗസ്ഥർക്കുമെല്ലാം എളുപ്പം ഉപയോഗിക്കാവുന്ന തരത്തിൽ ഓൺലൈൻ സംവിധാനത്തിന്റെ പ്രവർത്തനം ലളിതമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

സേവനം ഇങ്ങനെ

സർക്കാരിന്റെ വിള ഇൻഷ്വറൻസ് പദ്ധതി
കർഷകർക്ക് സേവനങ്ങൾക്ക് രജിസ്‌ട്രേഷൻ
ഇൻഷ്വർ ചെയ്ത വിളകൾ പ്രകൃതിക്ഷോഭം, വന്യജീവികളുടെ ആക്രമണം, കീടബാധ എന്നിവയാൽ നശിച്ചാൽ നഷ്ടപരിഹാരം


കൃഷിഭവനുകൾ വഴിയുള്ള സേവനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കാൻ പോർട്ടൽ വഴി സാധിക്കും. കൃഷിയറിവുകളും പരശോധനകളും കൂടുതലായി ലഭ്യമാക്കാനുമാവും.

ജയശ്രീ,

പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇൻ ചാർജ്.

മൂല്യവർദ്ധനയ്ക്ക് പരിശീലനം

ഭക്ഷ്യോൽപാദനത്തിൽ സ്വയം പര്യാപ്തത കൈവരിക്കുന്നതിന്റെ ഭാഗമായി വിവിധ മൂല്യവർദ്ധിത ഉൽപന്നങ്ങളുടെ പ്രൊജക്ടുകൾ പരിചയപ്പെടുത്തുന്ന പരിശീലനം ഒരുക്കുകയാണ് വ്യവസായ വാണിജ്യ വകുപ്പിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രെണർ ഡെവലപ്പ്‌മെന്റിന്റെ അഗ്രോ ഇൻകുബേഷൻ ഫോർ സസ്‌റ്റൈനബിൾ എന്റെർപ്രെണർഷിപ്പ്. ഭക്ഷ്യ സംസ്‌ക്കരണ, മൂല്യവർദ്ധിത ഉൽപന്നങ്ങളിലെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം. ജൂൺ 30 ന് മത്സ്യവുമായി ബന്ധപ്പെട്ടും ജൂലായ് 14 ന് പഴം പച്ചക്കറിയുമായി ബന്ധപ്പെട്ടുമുള്ള സൗജന്യ ഓൺലൈൻ സെഷനുകളാണ് നടക്കുക. വിവരങ്ങൾക്ക്: 7403180193, 9605542061 വെബ്‌സൈറ്റ്: www.kied.info