തൃശൂർ: നഗരത്തിന്റെ ബഫർ സോണായി മാറുന്ന മണ്ണുത്തിയിൽ നിലവാരമുള്ള വൈദ്യുതി വിതരണ സംവിധാനം സജ്ജമാക്കുമെന്ന് മന്ത്രി കെ. രാജൻ. പ്രദേശത്ത് പ്രസരണ നഷ്ടം കുറച്ച് വൈദ്യുതി വിതരണം നടത്താൻ ആരംഭിച്ച മണ്ണുത്തി 110 കെ.വി സബ് സ്‌റ്റേഷന്റെ ട്രയൽ റൺ പരിശോധിക്കുകയായിരുന്നു മന്ത്രി. സബ് സ്‌റ്റേഷന്റെ ആദ്യഘട്ടം ഏറെക്കുറെ പൂർത്തിയായി. സർക്കാരിന്റെ നൂറുദിന പരിപാടികളുടെ ഭാഗമായി പദ്ധതി നാടിന് സമർപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
2019 ഡിസംബർ 23ന് അന്നത്തെ വൈദ്യുതി മന്ത്രി എം.എം. മണിയാണ് പദ്ധതിക്ക് തറക്കല്ലിട്ടത്. 11.6 കോടിയാണ് പദ്ധതിക്കായി വകയിരുത്തിയത്. നിർമ്മാണം 10 കോടിക്ക് പൂർത്തിയാക്കാൻ സാധിച്ചു. 110 കെ.വിയുടെ ഒരു ട്രാൻസ്‌ഫോർമർ ആദ്യഘട്ടത്തിൽ സ്ഥാപിച്ചു. ഈ ട്രാൻസ്‌ഫോർമറുകളിൽ നിന്ന് ആറു പ്രദേശങ്ങളിലെ 11 കെ.വി ഫീഡറുകളിലേക്കും വൈദ്യുതി എത്തിക്കും.
അമ്പതിനായിരത്തിലധികം വരുന്ന ഗുണഭോക്താക്കൾക്ക് പ്രയോജനം ലഭിക്കും വിധമാണ് വൈദ്യുതി വിതരണം ചെയ്യുക. മുളയം, മുടിക്കോട്, മുല്ലക്കര, കൃഷ്ണപുരം, നെല്ലിക്കുന്ന്, വെറ്റിനറി കോളേജ് എന്നിങ്ങനെയാണ് ആറു 11 കെ.വി ഫീഡറുകൾ. നിലവിലുള്ള ഒരു ട്രാൻസ്‌ഫോർമർ കൂടാതെ രണ്ട് ട്രാൻസ്‌ഫോർമറുകൾ കൂടി ഇവിടെ സ്ഥാപിക്കും. ഇതോടെ മണ്ണുത്തി, പാണാഞ്ചേരി, പഞ്ചായത്തുകളിലെ വൈദ്യുതിക്ഷാമത്തിനും പരിഹാരമാകും.
കെ.എസ്.ഇ.ബിയുടെ മണ്ണുത്തി സെക്‌ഷൻ ഓഫീസ് പ്രവർത്തിക്കുന്നത് മാടക്കത്തറയിലാണ്. മണ്ണുത്തിയിലെ സബ് സ്‌റ്റേഷന്റെ പ്രവർത്തനം ആരംഭിക്കുന്നതോടെ സെക്ഷൻ ഓഫീസും ഇവിടെ പ്രവർത്തനം തുടങ്ങാൻ സാധിക്കും. ഡെപ്യൂട്ടി ചീഫ് എൻജിനിയർ സേതുമാധവൻ, എക്‌സിക്യൂട്ടിവ് എൻജിനിയർ സന്ധ്യ ദിവാകരൻ, അസി. എക്‌സിക്യൂട്ടിവ് എൻജിനിയർ ജിജി ഫ്രാൻസിസ് തുടങ്ങിയവർ സന്നിഹിതരായി.