ചാവക്കാട്: ഒരുമനയൂരിൽ നിരവധി പേരുടെ പീഡനത്തിന് ഇരയായ ആൺകുട്ടിക്ക് സൗജന്യ നിയമസഹായം നൽകാൻ സി.പി.ഐ അഭിഭാഷക സംഘടനയായ ഇന്ത്യൻ അസോസിയേഷൻ ഒഫ് ലോയേഴ്‌സ്. ഐ.എ.എൽ ജില്ലാ കമ്മിറ്റി അംഗം അഡ്വ. പി. മുഹമ്മദ് ബഷീറിന്റെ നേതൃത്വത്തിൽ അഭിഭാഷകരായ ലാജു ലാസർ, ബിജു പി. ശ്രീനിവാസ്, സുബ്രഹ്മണ്യൻ, പ്രത്യുഷ് ചൂണ്ടലാത്ത് എന്നിവരടങ്ങിയ പാനലാണ് നിയമസഹായം നൽകുക.

അഭിഭാഷക സംഘം അടുത്ത ദിവസം ഇരയുടെ വീട് സന്ദർശിക്കും. കഴിഞ്ഞ ദിവസമാണ് കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 5 പേരെ ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. കൂടുതൽ പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്. മൊബൈൽ ഫോൺ റീചാർജ് ചെയ്യുന്നതിനായി പണം നൽകി വശീകരിച്ചാണ് കുട്ടിയെ ആളുകൾ ഒഴിഞ്ഞ സമയം നോക്കി പ്രതികളുടെ വീട്ടിലേക്ക് വിളിച്ച് വരുത്തി പീഡനത്തിനിരയാക്കിയത്.