തൃശൂർ: കൊവിഡ് പ്രതിസന്ധി ഘട്ടത്തിൽ വിദ്യാഭ്യാസം പൊതുസമൂഹത്തിന്റെ കൂടി ഉത്തരവാദിത്തമാണെന്ന് മന്ത്രി കെ. രാജൻ. കട്ടിലപൂവ്വം സർക്കാർ സ്‌കൂളിലെ ഡിജിറ്റൽ ഡിവൈസ് ലൈബ്രറിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. സ്‌കൂളിലേക്ക് ആദ്യഘട്ടത്തിൽ ശേഖരിച്ച 40 മൊബൈൽ ഫോണുകൾ പൂർവ്വ അദ്ധ്യാപിക സാറാമ്മയിൽ നിന്ന് മന്ത്രി ഏറ്റുവാങ്ങി. ഓൺലൈൻ പഠന സൗകര്യത്തിന് സ്മാർട്ട് ഫോണുകളും ലാപ്‌ടോപ്പും ടാബും സജ്ജമാക്കി ഡിവൈസ് ലൈബ്രറിയാണ് സ്‌കൂളിൽ തയ്യാറാക്കിയിരിക്കുന്നത്. ഓൺലൈൻ പഠനത്തിന് ഇത്തരം സൗകര്യങ്ങൾ ഇല്ലാത്ത കുട്ടികൾക്ക് ലൈബ്രറിയിൽ നിന്ന് ഇവ സൗജന്യമായി എടുക്കാം. അദ്ധ്യയന വർഷം കഴിയുമ്പോൾ തിരികെ നൽകണം. പൂർവ്വ വിദ്യാർത്ഥികൾ, അദ്ധ്യാപകർ, പ്രദേശത്തെ സന്നദ്ധ കൂട്ടായ്മകൾ, അദ്ധ്യാപകർ തുടങ്ങിയവരാണ് ഫോണുകൾ എത്തിക്കുന്നതിന് സഹായം എത്തിച്ചത്. ജില്ലാ പഞ്ചായത്ത് അംഗം പി.എസ് വിനയൻ അദ്ധ്യക്ഷനായി.