yogam

മണ്ണുത്തി: ഒല്ലൂർ നിയോജക മണ്ഡലത്തിലെ പൊതുമരാമത്ത് പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന അവലോകന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമരാമത്ത് റോഡ്‌സ് വിഭാഗത്തിന്റെ കീഴിൽ 20 പ്രവൃത്തികളും ബിൽഡിംഗ്‌സ് വിഭാഗത്തിന്റെ കീഴിൽ 22 പ്രവൃത്തികളും ഇപ്പോൾ നടക്കുന്നുണ്ട്. വിശദമായ രൂപരേഖയും യോഗത്തിൽ തയ്യാറാക്കി. സർക്കാരിന്റെ നൂറ് ദിന പരിപാടിയിൽ ഉൾപ്പെടുത്തുന്ന പ്രവൃത്തികളെ സംബന്ധിച്ച് വിശദമായി ചർച്ച ചെയ്തു.

യോഗത്തിൽ ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. രവി, പഞ്ചായത്ത് പ്രസിഡന്റുമാരായ പി.പി. രവീന്ദ്രൻ, ഇന്ദിര മോഹൻ, ശ്രീവിദ്യ രാജേഷ്, മിനി ഉണ്ണിക്കൃഷ്ണൻ, ഉദ്യോഗസ്ഥരായ സുജ സൂസൻ മാത്യു, മനീഷ, പ്രഭു പി.എം, ബി.ഡി.ഒ അമൽദാസ്, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.