തൃശൂർ : പ്രാദേശികവും രാഷ്ട്രീയവുമായ കൈകടത്തലുകൾ കൊവിഡ് ശാസ്ത്രീയ പ്രതിരോധമാർഗങ്ങൾക്ക് തുരങ്കം വയ്ക്കുന്നതായി ആരോഗ്യ വിദഗ്ദ്ധർ. ആന്റിജൻ ടെസ്റ്റ്, ആർ.ടി.പി.സി.ആർ ടെസ്റ്റ് എന്നിവ നിശ്ചയിക്കുന്നതിൽ വരെ പ്രാദേശിക ഭരണസമിതികളുടെ കൈകടത്തലുണ്ടെന്ന് ആക്ഷേപമുണ്ട്. ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ അത് പിൻവലിക്കാൻ ടി.പി.ആർ നിരക്ക് കുറയ്ക്കാൻ രോഗലക്ഷണമില്ലാത്തവരെ പരിശോധനയ്ക്ക് അയക്കണമെന്ന തരത്തിൽ പഞ്ചായത്ത് പ്രസിഡന്റ് നൽകിയ ശബ്ദസന്ദേശം വിവാദമായിരുന്നു. ഇത്തരത്തിൽ നിരവധി സ്ഥലങ്ങളിൽ ടി.പി.ആർ നിരക്ക് കുറയ്ക്കാൻ പരിശോധനകൾ നടത്തുന്നുണ്ടെന്ന ആരോപണമാണ് ഉയരുന്നത്. തദ്ദേശ സ്ഥാപന ഭരണ സമിതികളുടെ നിർദ്ദേശ പ്രകാരമാണ് പലയിടങ്ങളിലും ടെസ്റ്റ് നടത്തുന്നവരുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. നേരത്തെ ആരോഗ്യ വകുപ്പിന്റെ പൂർണ്ണ നിയന്ത്രണത്തിലായിരുന്നു പ്രതിരോധ പ്രവർത്തനം. എന്നാൽ വിവിധ വകുപ്പുകൾ കൂടി ചേർന്നുള്ള പ്രവർത്തനമായി അത് മാറുകയായിരുന്നു. ഇത്തരം ഇടപെടലുകൾ കൊണ്ടാണ് ടി.പി.ആർ നിരക്ക് കുറയ്ക്കാൻ സാധിക്കാത്തതെന്നും പറയുന്നു. രോഗ ലക്ഷണമില്ലാത്തവരെ പരിശോധിക്കുകയും എന്നാൽ രോഗലക്ഷണമുള്ളവരിൽ നിന്ന് കൂടുതൽ പേരിലേക്ക് രോഗം പകരുകയും ചെയ്യുന്നതായും പറയുന്നു. ഏപ്രിൽ മാസത്തിൽ ടി.പി.ആർ നിരക്ക് 1.7 ശതമാനത്തിൽ വരെയെത്തിയിരുന്നു. എന്നാൽ പിന്നീടുണ്ടായ രണ്ടാം തരംഗത്തിൽ അത് 34 ശതമാനത്തോളം ഉയർന്നു. രോഗവ്യാപനം കുറയ്ക്കുന്നതിന്റെ ഭാഗമായി ലോക്ഡൗണും ട്രിപ്പിൾ ലോക്ഡൗണും പ്രഖ്യാപിച്ചെങ്കിലും ടി.പി.ആർ നിരക്ക് പത്തിൽ താഴെയെത്തിക്കാനായില്ല. കഴിഞ്ഞ രണ്ട് മാസത്തിനുള്ളിൽ രണ്ട് ദിവസം മാത്രമാണ് പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിൽ താഴെയെത്തിയത്.
വാക്‌സിനേഷനിലും രാഷ്ട്രീയം ?
പ്രാദേശികതലത്തിൽ സ്‌പോട് രജിസ്‌ട്രേഷന്റെ മറവിൽ ഓരോ ഭരണ സമിതികളും തങ്ങളുടെ ഇഷ്ടക്കാർക്ക് വാക്‌സിൻ നൽകുകയാണെന്ന ആരോപണം ശക്തമായി. ആദ്യ ഡോസ് കഴിഞ്ഞ് 100 ദിവസം കഴിഞ്ഞവർക്ക് പോലും രണ്ടാം ഡോസ് ലഭിക്കാത്ത സാഹചര്യം നിലനിൽക്കുന്നതിനിടയിലാണ് പലരും തങ്ങളുടെ സ്വാധീനം ഉപയോഗിച്ച് ആദ്യ ഡോസും രണ്ടാം ഡോസും സ്വീകരിക്കുന്നത്. പഞ്ചായത്തംഗങ്ങൾക്ക് നൽകുന്ന ക്വാട്ടകൾക്ക് പുറമെ ഭരണസമിതികൾ ഓരോ വാർഡുകളിൽ നിന്നും പ്രത്യേകം ലിസ്റ്റ് കൈമാറുകയാണ് ചെയ്യുന്നത്. മുൻഗണനാ ലിസ്റ്റിൽപെട്ടവരെ പോലും പരിഗണിക്കുന്നില്ലെന്ന ആരോപണവും ശക്തമാണ്.