mla-hostel-rape

തൃശൂർ: തന്റെ സുഹൃത്തിനെ പീഡിപ്പിച്ച പ്രതിയെ രക്ഷിക്കാൻ വനിതാ കമ്മിഷൻ മുൻ അദ്ധ്യക്ഷ എം.സി. ജോസഫൈനും കഴിഞ്ഞ മന്ത്രിസഭയിലെ മന്ത്രിയും പൊലീസും ശ്രമിച്ചെന്ന് ദേശീയ മുൻ കായികതാരം മയൂഖ ജോണി ആരോപിച്ചു. ഇരയ്‌ക്കൊപ്പം നടത്തിയ വാർത്താസമ്മേളനത്തിലാണ് മയൂഖയുടെ ആരോപണം. 2016 ജൂലായിലാണ് ചാലക്കുടി മുരിങ്ങൂർ സ്വദേശിനിയായ സുഹൃത്തിനെ ചുങ്കത്ത് ജോൺസൺ ആരുമില്ലാതിരുന്ന സമയത്ത് വീട്ടിലെത്തി പീഡിപ്പിച്ചത്. തുടർന്ന് നഗ്ന ദൃശ്യവും ചിത്രീകരിച്ചു. പ്രതിയുടെ ഫോട്ടോയും മയൂഖ ഉയർത്തിക്കാട്ടി.

പ്രതിക്കായി ഇടപെട്ട മന്ത്രിയുടെ പേര് വെളിപ്പെടുത്താനാകില്ല. ഒരു ബിഷപ്പിന്റെയും പ്രാദേശിക രാഷ്ട്രീയ നേതാക്കളുടെയും പിന്തുണയിൽ പ്രതി സ്വതന്ത്രനായി നടക്കുകയാണ്. വനിതാ കമ്മിഷനിൽ പരാതിപ്പെടാൻ ശ്രമിച്ചെങ്കിലും അദ്ധ്യക്ഷ എം.സി. ജോസഫൈൻ കേസെടുക്കരുതെന്ന് പൊലീസിനോട് നിർദ്ദേശിച്ചു.

അവിവാഹിതയായതിനാൽ മാനഹാനി ഭയന്ന് അന്ന് പൊലീസിൽ പരാതിപ്പെട്ടില്ല. എന്നാൽ നഗ്ന ദൃശ്യം കാട്ടി പ്രതി ഭീഷണിപ്പെടുത്തുകയും ഫോണിൽ ശല്യം ചെയ്യുകയും ചെയ്തു. 2018ൽ പെൺകുട്ടി വിവാഹിതയായ ശേഷവും ഭീഷണി തുടർന്നു. 2018ൽ കൊച്ചിയിലെ മാളിൽ തടഞ്ഞുനിറുത്തി പ്രതി തന്നെ ഭീഷണിപ്പെടുത്തിയെന്നും മയൂഖ ആരോപിച്ചു.

2020ൽ ഇരയുടെ താമസസ്ഥലത്ത് ഗുണ്ടകളെ വിട്ട് ഭീഷണിപ്പെടുത്തി. തുടർന്ന് 2021 മാർച്ചിൽ തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലിക്ക് പരാതി നൽകി. ചാലക്കുടി മജിസ്‌ട്രേറ്റ് ഇരയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തുടക്കത്തിൽ പിന്തുണ നൽകിയിരുന്ന പൊലീസ് പിന്നീട് ഇരയെ നിരുത്സാഹപ്പെടുത്തി. പ്രതിയെ അറസ്റ്റ് ചെയ്തില്ല.

മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ആളൂർ സി.ഐ സിബിൻ വന്ന് തന്റെ മൊഴിയെടുത്തു. പ്രതിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇര നൽകിയ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. എസ്.പി, ഡിവൈ.എസ്.പി, സി.ഐ എന്നിവരെ മാറ്റിനിറുത്തി സ്വതന്ത്രമായ അന്വേഷണം നടത്തണമെന്നും മയൂഖ ആവശ്യപ്പെട്ടു.

 തെളിവ് ശേഖരിക്കാനാവുന്നില്ലെന്ന് എസ്.പി

തെളിവുകൾ പലതും ശേഖരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അന്വേഷണം തുടരുകയാണെന്നും തൃശൂർ റൂറൽ എസ്.പി ജി. പൂങ്കുഴലി പറഞ്ഞു. അഞ്ച് വർഷം മുമ്പ് നടന്ന സംഭവത്തിൽ തെളിവുകൾ കിട്ടിയിട്ടില്ല. സി.സി.ടി.വി ദൃശ്യങ്ങളടക്കം ശേഖരിക്കാൻ ബുദ്ധിമുട്ടുണ്ടെന്നും അവർ പറഞ്ഞു.