തൃശൂർ: ഇന്ധനവില ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക, ചരക്ക് വാഹനങ്ങളുടെ റോഡ് നികുതി കുറയ്ക്കുക, കൊവിഡ് പശ്ചാത്തലത്തിൽ നികുതിയിളവ് നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് അഖിലേന്ത്യ തലത്തിൽ നടത്തിയ കരിദിനാചരണത്തിൽ കേരളത്തിലെ എല്ലാ ചരക്ക് വാഹന ഉടമകളും തൊഴിലാളികളും പങ്കെടുത്തതായി ലോറി ഓണേഴ്‌സ് ഫെഡറേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാനതല കരിദിനാചരണം ലോറി ഓണേഴ്‌സ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പീച്ചി ജോൺസൺ ഉദ്ഘാടനം ചെയ്തു. പ്രധാന ലോഡിംഗ് പോയിന്റുകളിലും,​ ലോറി പാർക്കിംഗുകളിലും,​ അതിർത്തി ചെക്ക് പോസ്റ്റുകളിലും പ്രതിഷേധ പരിപാടികൾ നടന്നു.

ചരക്ക് വാഹന മേഖലയുടെ പ്രശ്‌നങ്ങൾ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ അനുഭാവപൂർവം പരിഗണിച്ചില്ലെങ്കിൽ രാജ്യമൊട്ടാകെ ആഗസ്റ്റ് ആദ്യവാരം മുതൽ ചരക്ക് വാഹനങ്ങൾ സർവീസുകൾ നിറുത്തിവച്ച് അനിശ്ചിതകാല സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് പീച്ചി ജോൺസൺ, ജനറൽ സെക്രട്ടറി ഷാജു അൽമന, ജെയ്‌സൺ, സുഭാഷ്, സുനിൽ എന്നിവർ പങ്കെടുത്തു.