തൃശൂർ: കൊവിഡ് വാക്‌സിനേഷൻ കാര്യത്തിൽ ജനങ്ങളുടെ ആശങ്ക ദുരീകരിക്കണമെന്നും നഗരത്തിൽ വ്യാപകമായി മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് കോർപറേഷൻ നടപടി സ്വീകരിക്കണമെന്നും കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു. ഓൺലൈൻ സംവിധാനത്തിൽ വാക്‌സിനേഷന് സ്ലോട്ട് ലഭിക്കുന്നില്ലെന്ന പരാതി വ്യാപകമാണ്.

വേണ്ടപ്പെട്ടവർക്കും സ്വന്തക്കാർക്കും പിൻവാതിലിലൂടെ വാക്‌സിനേഷൻ ലഭിക്കുന്നതിനാൽ രാഷ്ട്രീയവത്കരിക്കുകയാണെന്നും ആരോപണമുണ്ട്. ഒന്നാം ഡോസ് എടുത്തവർക്ക് കാലാവധി കഴിഞ്ഞിട്ടും രണ്ടാം ഡോസ് വാക്‌സിൻ ലഭ്യമാകാത്ത സ്ഥിതിയുണ്ട്. അതേസമയം, സ്വകാര്യ സ്ഥാപനങ്ങളിൽ യഥേഷ്ടം വാക്‌സിൻ ലഭിക്കുന്നുമുണ്ട്.

ഒല്ലൂർ മേഖലയിൽ കൊവിഷീൽഡ് വാക്‌സിൻ ലഭിച്ചിട്ട് ഒരാഴ്ചയായെന്നാണ് ഉയരുന്ന പരാതി. മുഴുവൻ നഗരവാസികൾക്കും ഏറ്റവും വേഗത്തിൽ വാക്‌സിൻ ലഭ്യമാക്കാൻ മെഗാ വാക്‌സിൻ ക്യാമ്പുകൾ സംഘടിപ്പിക്കാൻ കോർപറേഷൻ തയ്യാറാകണമെന്ന് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലൻ ആവശ്യപ്പെട്ടു.