തൃശൂർ: മൃഗശാലയിൽ നിന്നുള്ള പക്ഷികൾ മൂന്ന് മാസത്തിനുള്ളിലും തൊട്ടുപിന്നാലെ കുരങ്ങന്മാരും കാട്ടുപോത്തുകളും പുത്തൂർ സുവോളജിക്കൽ പാർക്കിലെത്തും. കൊവിഡ് വ്യാപനവും ലോക്ക്ഡൗണും കാരണം നീണ്ടുപോയ നിർമ്മാണ പ്രവർത്തനം ത്വരിതഗതിയിലാക്കി. പാർക്ക് നിർമ്മാണത്തിന്റെ ഓരോ ഘട്ടത്തിലും കേന്ദ്ര മൃഗശാല വകുപ്പ് അധികൃതരുടെ അനുമതി ലഭിക്കേണ്ടതുണ്ട്.
എന്നാൽ കഴിഞ്ഞ കുറെ മാസമായി ഈ വകുപ്പിന്റെ യോഗം ചേർന്നിട്ടില്ല. ആദ്യഘട്ടത്തിന്റെ ഉദ്ഘാടനം പൂർത്തിയാക്കിയിരുന്നു. തൃശൂരിൽ നിന്ന് തിരുവനന്തപുരം മൃഗശാലയിലേക്ക് മാറ്റിയ കാട്ടുപോത്തുകളെയും സിംഹവാലൻ കുരങ്ങിനെയും തിരികെയെത്തിക്കാനുളള ശ്രമവും നടത്തിയിരുന്നു. ഘട്ടം ഘട്ടമായാണ് മൃഗങ്ങളെ മാറ്റുക.
നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാവാതിരിക്കാൻ സന്ദർശകരെ ഉടനെ കയറ്റേണ്ടതില്ലെന്ന തീരുമാനം മുമ്പ് എടുത്തിരുന്നു. മുപ്പത് വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് പാർക്കിന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക് കടക്കുന്നത്. ഇന്ത്യയിലെയും വിദേശത്തെയും മൃഗങ്ങളെയും പക്ഷികളെയും കാണാനും പഠിക്കാനും അവസരമുണ്ടാകുമെന്നതാണ് പാർക്കിന്റെ സവിശേഷത. തൃശൂർ മൃഗശാലയിലെ എല്ലാ പക്ഷികളേയും ഉൾക്കൊള്ളിക്കാനാകുന്ന ഒരേക്കറിലേറെ വിസ്തൃതിയിലുള്ള ആവാസ സ്ഥലമാണ് പക്ഷികളുടേത്.
ഇരുപതിലേറെ കൂടുകളുണ്ടാകും. ഒരുമിച്ചും വേർതിരിച്ചും പക്ഷികളെ ഇവിടെ പാർപ്പിക്കാം. വലിയ മൃഗാശുപത്രിയാണ് പാർക്കിനുള്ളിൽ ഒരുക്കുന്നത്. മുകളിലെ നിലയിൽ ഗവേഷണങ്ങൾക്കും താഴത്തെ നിലയിൽ എല്ലാ ആധുനിക സാങ്കേതിക സൗകര്യങ്ങളും ഉൾക്കൊള്ളിക്കാനാകുന്നതുമായ മൃഗാശുപത്രിയിൽ എല്ലാം വന്യമൃഗങ്ങളെയും പരിചരിക്കാനുള്ള സംവിധാനങ്ങളുമുണ്ടാകും.
കിഫ്ബിയുടെ വൻസഹായം
രണ്ട് പതിറ്റാണ്ട് മുമ്പ് വിഭാവനം ചെയ്ത പദ്ധതിയാണിത്. 2016 - 17 ബഡ്ജറ്റിൽ ഉൾപ്പെടുത്തി കിഫ്ബി വിഹിതത്തോടെയാണ് നടപ്പാക്കുന്നത്. ഗവ. എൻജി. കോളേജ്, കെ.എഫ്.ആർ.ഐ, വാട്ടർ അതോറിറ്റി, കെ.പി.എച്ച്.സി.സി എന്നിവയുടെ സഹകരണമുണ്ട്.
വിസ്തൃതി 338 ഏക്കർ വനഭൂമി
നിർമ്മാണച്ചെലവ് 360കോടി
ആകെ വാസസ്ഥലങ്ങൾ 23
ഒന്നാംഘട്ടത്തിന്റെ പൂർത്തീകരണോദ്ഘാടനമാണ് കഴിഞ്ഞത്. കൊവിഡ് വ്യാപനവും ലോക്ക് ഡൗണും മാത്രമായിരുന്നു നിർമ്മാണത്തിന് പ്രതിസന്ധി സൃഷ്ടിച്ചത്.
കെ. രാജൻ
റവന്യൂ മന്ത്രി
നാളിതു വരെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് വിദഗ്ദ്ധ വിശകലനം നടത്തണം. സുവോളജിക്കൽ പാർക്കിന്റെ രൂപകൽപന തയ്യാറാക്കിയ ആസ്‌ട്രേലിയൻ സൂ ഡിസൈനറായ ജോൺകോ ഉൾപ്പെടെയുള്ള വിദഗ്ദ്ധരുടെ അഭിപ്രായം ആരായണം. ഇതിന് ഓൺലൈനായോ നേരിട്ടോ വിദഗ്ദ്ധർക്ക് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സമർപ്പിക്കാൻ ശിൽപശാല നടത്തണം.
എം. പീതാംബരൻ
സെക്രട്ടറി
ഫ്രണ്ട്‌സ് ഒഫ് സൂ.