sree
കുടുംബശ്രീ പ്രവര്‍ത്തകര്‍ ടെലിമെഡിസിന്‍ വഴി ഡോക്ടറെ കാണാന്‍ സൗകര്യമൊരുക്കുന്നു.

തൃശൂർ: കൊവിഡ് വ്യാപനത്തിലും ലോക് ഡൗൺ നിയന്ത്രണങ്ങളിലും ജനങ്ങൾ നട്ടം തിരിയുമ്പോൾ, പ്രതിരോധ പ്രവർത്തനങ്ങളും സേവനങ്ങളും സാമ്പത്തിക സഹായങ്ങളുമെല്ലാം ലഭ്യമാക്കാൻ ഓൺലൈനിൽ സജീവമാകുകയാണ് കുടുംബശ്രീ. ചികിത്സാ സഹായങ്ങൾ, ബോധവത്കരണ ക്‌ളാസുകൾ, വാക്‌സിൻ രജിസ്‌ട്രേഷൻ തുടങ്ങിയ മേഖലകളിലെല്ലാം കുടുംബശ്രീ ഓൺലൈൻ വഴി നിർണായക സേവനങ്ങൾ നൽകുന്നുണ്ട്.

ഓൺലൈൻ സാങ്കേതിക പരിചയം നേടിയ കുടുംബശ്രീ അംഗങ്ങൾ മുന്നിട്ടിറങ്ങിയതോടെ മുതിർന്നവർ ഉൾപ്പെടെയുള്ള സി.ഡി.എസ് അംഗങ്ങൾക്കും രംഗത്ത് പ്രവർത്തിക്കാൻ കഴിയുന്നുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ വയോജനങ്ങൾക്ക് ആശുപത്രിയിൽ പോയി ഡോക്ടറുടെ സേവനം ലഭിക്കാൻ പ്രയാസമുളള സാഹചര്യത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ ടെലി മെഡിസിൻ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.

ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ വാർഡ്തല ആർ.ആർ.ടി പ്രവർത്തകരെ ഏൽപ്പിച്ച് വയോധികർക്ക് എത്തിച്ചു നൽകുന്നുണ്ട്. ആന്റിജൻ, ആർ.ടി.പി.സി.ആർ ഫലങ്ങൾ വെബ്‌സൈറ്റിൽ നോക്കി അയൽക്കൂട്ട അംഗങ്ങൾക്ക് അറിയിച്ചു കൊടുക്കുകയും കുടുംബശ്രീ അംഗങ്ങൾ ചെയ്യുന്നുണ്ട്.

കൊവിഡ് പശ്ചാത്തലത്തിൽ നേരിട്ടുള്ള യോഗങ്ങൾ അസാദ്ധ്യമായപ്പോൾ ഗൂഗിൾ മീറ്റ് വഴി അയൽക്കൂട്ട യോഗങ്ങൾ ചേർന്ന് സമ്പാദ്യം, ലോൺ തിരിച്ചടവ് തുടങ്ങിയ ഇടപാടുകൾ ഡിജിറ്റൽ ബാങ്കിംഗ് വഴി ചെയ്യാൻ അംഗങ്ങളെ പ്രാപ്തരാക്കാൻ ഇ പേ കാമ്പയിനുമുണ്ട്. ഇങ്ങനെയുളള ക്ലാസിനുശേഷം പല അയൽക്കൂട്ടങ്ങളും അവരുടെ സമ്പാദ്യം, തിരിച്ചടവ് എന്നിവ ഡിജിറ്റലാക്കി.

'പ്രതിരോധിക്കാം സുരക്ഷിതരാവാം' എന്ന സന്ദേശവുമായി ഓൺലൈൻ വഴി കുടുംബശ്രീ നടത്തിയ മിഷൻ കൊവിഡ് 2021 കാമ്പയിൻ വഴി സാധാരണക്കാരെ ബോധവത്കരിക്കുക, മൂന്നാം തരംഗം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അയൽക്കൂട്ട അംഗങ്ങളെ ബോധവത്കരിക്കുക എന്നിവയാണ് നടക്കുന്നത്. കുടുംബശ്രീ സംസ്ഥാന മിഷന്റെയും ജില്ലാ മിഷന്റെയും നിർദ്ദേശപ്രകാരം ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട ആർ.ആർ.ടി.മാർ, ബ്ലോക്ക് തല ആർ.ആർ.ടിമാർക്ക് ക്ലാസുകൾ നൽകുന്നുണ്ട്. ഇവർ സി.ഡി.എസ് തലത്തിലും എ.ഡി.എസ് തലത്തിലും അയൽക്കൂട്ടതലത്തിലും ക്ലാസ് നൽകുകയും ചെയ്യുന്നുണ്ട്. അങ്ങനെ കുടുംബശ്രീയിലെ എല്ലാ അംഗങ്ങളും കാമ്പയിന്റെ ഭാഗമാകുന്നുണ്ട്. വാക്‌സിനേഷൻ രജിസ്റ്റർ ചെയ്യാനും രജിസ്‌ട്രേഷൻ നടത്തി കൊടുക്കുന്നതിനും ഷെഡ്യൂൾ ചെയ്തു കൊടുക്കുന്നതിനും മുന്നിലുണ്ട്.

കൊവിഡുമായി ബന്ധപ്പെട്ട് അയൽക്കൂട്ടങ്ങളുടെ ഭാരവാഹികൾക്ക് ക്‌ളാസുകളും നിർദ്ദേശങ്ങളും നൽകുന്നുണ്ട്. ആരോഗ്യവകുപ്പ്, ഐ.എം.എ തുടങ്ങിയവയുടെ നിർദ്ദേശങ്ങളാണ് കൈമാറുന്നത്. വാക്‌സിനേഷൻ അടക്കമുളള പ്രതിരോധപ്രവർത്തനങ്ങൾ, പഞ്ചായത്തുകളിൽ നിന്നുളള ആംബുലൻസുകൾ, പൾസ് ഓക്‌സിമീറ്റർ തുടങ്ങിയ സേവനങ്ങൾ, വിവിധതരം വായ്പകൾ ലഭ്യമാക്കൽ തുടങ്ങിയ പ്രവർത്തനങ്ങളിലാണ് ഊന്നൽ നൽകുന്നത്.

- കെ.വി. ജ്യോതിഷ് കുമാർ, ജില്ലാ മിഷൻ കോ- ഓർഡിനേറ്റർ, കുടുംബശ്രീ