suspended

തൃശൂർ : കൈക്കൂലി വാങ്ങിയ വാഴാനി വനം റേഞ്ച് ഓഫീസിലെ രണ്ട് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. വാഴാനി വനം സ്റ്റേഷനിലെ ബീറ്റ് ഓഫീസറായ ആർ. മഹേഷ് കുമാറിനെയും സെക്ഷൻ ഫോറസ്റ്റ് ഓഫീസറായ ഇഗ്‌നേഷ്യസിനെയുമാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. പുത്തൂർ വില്ലേജിൽ മണലിത്തറയിൽ നിന്നും ജിയോളജി പാസ് പ്രകാരം മണ്ണ് മാറ്റുമ്പോൾ ഉദ്യോഗസ്ഥരെത്തി 10,000 രൂപ ആവശ്യപ്പെടുകയായിരുന്നു. പരാതി വിജിലൻസിനെ അറിയിച്ചതോടെ അന്വേഷിച്ചു. പരിശോധനയിൽ 6000 രൂപ വിജിലൻസ് പിടിച്ചെടുക്കുകയും ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസും രജിസ്റ്റർ ചെയ്തു. ഈ സാഹചര്യത്തിൽ കുറ്റക്കാരായി കണ്ടെത്തിയ ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്യണമെന്ന് വിജിലൻസ് ഡയറക്ടർ ശുപാർശ ചെയ്തു. ആരോപണങ്ങൾ ഗൗരവമുള്ളതും കഴമ്പുള്ളതുമാണെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തത്.