തൃശൂർ: ജില്ലയിലേക്ക് വാക്‌സിൻ കൂടുതൽ എത്തി തുടങ്ങിയെങ്കിലും വിതരണവുമായി ബന്ധപ്പെട്ട് പരാതി പ്രളയം. വാക്‌സിനേഷനിൽ സുതാര്യതയില്ലെന്ന ആരോപണമാണ് കൂടുതലായും ഉയരുന്ന ആക്ഷേപം. ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളിലും മുനിസിപ്പാലികളിലും കോർപറേഷനിൽ മെഗാ ക്യാമ്പുകൾ സംഘടിപ്പിച്ച് പരമാവധി ആളുകൾക്ക് വാക്‌സിൻ നൽകാൻ നടപടികൾ നടക്കുന്നുണ്ടെങ്കിലും മുൻഗണനക്രമം പാലിക്കാതെയാണ് വിതരണം നടക്കുന്നതെന്ന ആരോപണമാണ് ഉയരുന്നത്. കിടപ്പ് രോഗികൾ, പട്ടികവർഗ പട്ടികജാതി വിഭാഗങ്ങൾ, കോളനി ചേരി നിവാസികൾ, 60 വയസിന് മുകളിലുള്ളവർ തുടങ്ങി മുൻഗണനാ വിഭാഗത്തിലുളളവർക്ക് വാക്‌സിനേഷൻ ഉറപ്പുവരുത്തുന്നതിൽ തികഞ്ഞ അലംഭാവമാണ് നടക്കുന്നത്. മൂന്നാം തരംഗത്തിന് മുമ്പ് വിപുലമായ വാകിസനേഷൻ നടത്താൻ സാധിച്ചില്ലെങ്കിൽ രോഗികളുടെ ഏണ്ണം പിടിച്ചു നിർത്താൻ സാധിക്കാത്ത സ്ഥിതി വിശേഷമാകും ഉണ്ടാവുകയെന്നും ആരോഗ്യ വിദഗ്ധർ പറയുന്നു. നിലവിൽ ഒരോ വർഡുകളിൽ നിന്നും നിശ്ചിത പേരെ തിരഞ്ഞെടുത്ത് അയക്കുന്ന രീതിയാണ് അവലംബിക്കുന്നത്. എകദേശം എൻപത് ശതമാനത്തോളം വാക്‌സിനുകളും ഇത്തരത്തിലാണ് നൽകുന്നത്. ഇതുവരെ ആദ്യ ഡോസും രണ്ടാം ഡോസുമായി ഏകദേശം 12 ലക്ഷത്തോളം ഡോസുകളാണ് നൽകിയിരിക്കുന്നത്. ഏറണാകുളം പോലുള്ള ജില്ലകളിൽ ഓരോ വിഭാഗങ്ങൾക്കും പ്രത്യേകമായി തദ്ദേശ സ്ഥാപന അടിസ്ഥാനത്തിൽ പദ്ധതി തയ്യാറാക്കിയാണ് എറണാകുളത്ത് വാക്‌സിൻ യജ്ഞം നടത്തുന്നത്. ദ്രുതകർമ്മ സേന, സന്നദ്ധസേന, വാർഡ് അംഗങ്ങൾ, അങ്കണവാടി, കുടുംബശ്രീ, അക്ഷയ കേന്ദ്രങ്ങൾ എന്നിവരുടെ സഹായത്തോടെയാണ് ഇതിനായി വിവരശേഖരണം നടത്തിയാണ് വ്കസിൻ നൽകുന്നത്. എന്നാൽ തൃശൂരിൽ അത്തരമൊരു വലിയ മുന്നൊരുക്കം ഇല്ലെന്ന ആക്ഷേപം ഉയരുന്നുണ്ട്. ജില്ലയിൽ വാക്‌സിൻ നൽകിയതിൽ എഴു ലക്ഷത്തോളം പേരും 45 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ്. ഇന്നലെ ഒല്ലൂർ മേഖലയിൽ ഉള്ള കൗൺസിലർമാർ തങ്ങളുടെ മേഖലയെ അവഗണിക്കുന്നതായി പരാതിപ്പെട്ട് രംഗത്ത് എത്തിയിരുന്നു. കോർപറേഷൻമേഖലയിൽ കൂടുതൽ മെഗാ ക്യാമ്പുകൾ സംഘടിപ്പിച്ചു എല്ലാവർക്കും വാക്സിൻ എത്തിക്കാൻ നടപടി എടുക്കണമെന്ന് കോർപറേഷൻ പ്രതിപക്ഷ നേതാവ് രാജൻ പല്ലൻ ആവശ്യപ്പെട്ടു