തൃശൂർ: കേന്ദ്രാവിഷ്‌കൃത പദ്ധതിയായ സഫായ് കർമചാരി നടപ്പാക്കാനുള്ള സാദ്ധ്യത പരിശോധിക്കാൻ സഫായ് കർമചാരി കമ്മിഷൻ അംഗം ജൂലായ് ഒന്നിന് ജില്ലയിലെത്തും. സഫായ് കർമചാരി ദേശീയ കമ്മിഷൻ അംഗം ഡോ. പി.പി. വാവയാണ് എത്തുന്നത്. കളക്ടർ, പൊലീസ് മേധാവികൾ, സോഷ്യൽ വെൽഫയർ ഓഫീസർ, വിദ്യാഭ്യാസ വകുപ്പ് മേധാവി, തദ്ദേശ സ്ഥാപന പ്രതിനിധികൾ, പട്ടികജാതി, വർഗ വകുപ്പ് മേധാവികൾ തുടങ്ങിയവരുമായി ചർച്ച നടത്തും. തുടർന്ന് ജില്ലയിലെ ഒരു കോളനിയിൽ സന്ദർശനം നടത്തും.
പരമ്പരാഗത ശുചീകരണ തൊഴിലാളികളെ കണ്ടെത്താനും ആധുനിക രീതിയിൽ വകുപ്പുകളെ ഏകോപിപ്പിച്ച് ജില്ലയിൽ പദ്ധതി നടപ്പിലാക്കാനും കളക്ടർ എസ്. ഷാനവാസ് വകുപ്പ് മേധാവികളോട് നിർദേശിച്ചു. ജില്ലാ പട്ടികജാതി വർഗ വകുപ്പുകൾ, സാമൂഹിക നീതി വകുപ്പ്, ശുചിത്വമിഷൻ എന്നിവയെ ഏകോപിപ്പിച്ചാണ് ജില്ലയിൽ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നത്.