തൃശൂർ: ഭീമമായ ഇന്ധന വിലവർദ്ധനവിലൂടെ സാധാരണ ജനങ്ങളെ കൊള്ളയടിക്കാൻ ഒരുപോലെയാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രവർത്തിക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ പറഞ്ഞു. അന്താരാഷ്ട്ര മാർക്കറ്റിൽ വില വർദ്ധിക്കുമ്പോൾ അത് പിടിച്ചുനിറുത്താൻ സബ്‌സിഡി അനുവദിക്കാതെ നികുതി കൂട്ടുന്ന കേന്ദ്ര സർക്കാരും നികുതിപ്പണത്തിൽ നിന്നും ഒരു സംഖ്യ പോലും കുറവ് ചെയ്യാത്ത സംസ്ഥാന സർക്കാരും ജനങ്ങളെ ദ്രോഹിക്കുന്നതിൽ ഒരുപോലായാണെന്ന് തെളിയിച്ചിരിക്കുകയാണ്. ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ, ഡീസൽ വിലവർദ്ധനവിൽ പ്രതിഷേധിച്ച് കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ 101 സൈക്കിളുകളുമായി നടത്തിയ പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു വി.ഡി. സതീശൻ.
ഡി.സി.സി പ്രസിഡന്റ് എം.പി. വിൻസെന്റ് അദ്ധ്യക്ഷത വഹിച്ചു. ടി.എൻ. പ്രതാപൻ എം.പി, പത്മജാ വേണുഗോപാൽ, ജോസഫ് ചാലിശ്ശേരി, പി.എ. മാധവൻ, കെ.കെ. കൊച്ചുമുഹമ്മദ്, ടി.വി. ചന്ദ്രമോഹൻ, ടി.യു. രാധാകൃഷ്ണൻ, ടി.ജെ. സനീഷ് കുമാർ എം.എൽ.എ, അഡ്വ. ജോസഫ് ടാജറ്റ് തുടങ്ങിയവർ പങ്കെടുത്തു.