mayookha-jhoni

തൃശൂർ: ഒളിമ്പ്യൻ മയൂഖ ജോണി ആരോപിച്ച പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നും, മുരിയാട് എംപറർ ഇമ്മാനുവേൽ 'സിയോൺ" ആത്മീയപ്രസ്ഥാനം വിട്ടതോടെയാണ് ആരോപണം ഉന്നയിച്ചതെന്നും, സഭ വിട്ട് കത്തോലിക്കസഭയിൽ ചേർന്നവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. മയൂഖയും കുടുംബവും 'സിയോൺ" ആത്മീയ പ്രസ്ഥാനത്തിന്റെ സജീവപ്രവർത്തകരാണ്. കുറ്റാരോപിതനെതിരെ കള്ളക്കേസുകൾ ചമച്ചതിന്റെയും പുറത്തുപോയവരെ കുടുക്കാനുള്ള ഗൂഢാലോചനയുടെയും വീഡിയോ, ഓഡിയോ ക്ലിപ്പുകൾ പൊലീസിന് 'സിയോൺ" മുൻ ചെയർമാൻ ബിജു ഫിലിപ്പ് അറിയിച്ചു.

സഭ വിട്ടവർക്കെതിരെ കള്ളപ്പരാതി നൽകി പീഡിപ്പിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി 2017ലും ഏപ്രിൽ 19നും ആരോപണവിധേയൻ ആളൂർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും എംപറർ ഇമ്മാനുവേൽ സിയോൺ പ്രസ്ഥാനത്തിന്റെ മുൻ ഭാരവാഹികളായ അഡ്വ. സിറിയക് വർഗീസ്, ഷാജൻ പയ്യപ്പിള്ളി, എം.ജി. ആന്റണി, എം.ജെ. അലക്‌സ്, പി.ജെ. രാജൻ, സാബു സെബാസ്റ്റ്യൻ എന്നിവർ പറഞ്ഞു.

 പ്രതിയുടെ സ്വാധീനത്തിന്റെ തെളിവ്: മയൂഖ

സഭാതർക്കത്തിന്റെ പേരിൽ ഒരു സ്ത്രീയും തന്നെ പീഡിപ്പിച്ചെന്ന് പരാതി ഉന്നയിക്കില്ലെന്ന് മയൂഖ ജോണി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രതിക്ക് വലിയ സ്വാധീനമുള്ളതിന്റെ തെളിവാണ് സുഹൃത്തുക്കളുടെ വാർത്താസമ്മേളനം. തനിക്കെതിരെ തെളിവായി പറയുന്ന വീഡിയോകളെപ്പറ്റി അറിയില്ല. പ്രതിക്കുവേണ്ടി എം.സി. ജോസഫൈൻ ഇടപെട്ടെന്ന വാദത്തിൽ ഉറച്ചുനിൽക്കുന്നു. കേസിലെ മന്ത്രിതല ഇടപെടൽ അറിയാൻ ഫോൺ കാളുകൾ പരിശോധിച്ചാൽ മതി. തനിക്കെതിരെ വ്യാജ തെളിവുകളുണ്ടാക്കിയാൽ നിയമനടപടി ആലോചിക്കുമെന്നും അവർ പറഞ്ഞു.