മാള: അധികൃതർ തിരിഞ്ഞുനോക്കിയില്ല, പ്രളയം തകർത്ത പാലത്തിന് നാട്ടുകാർ മുള കൊണ്ട് കൈവരിയൊരുക്കി. മാള പഞ്ചായത്തിലെ കോട്ടമുറി കൊടവത്തുകുന്ന് പാലവും അനുബന്ധ റോഡും പ്രളയത്തിൽ തകർന്നിരുന്നു. തകർന്ന പാലത്തിന്റെയും റോഡിന്റെയും പുനർനിർമ്മാണം ഇതുവരെ സാദ്ധ്യമായിട്ടില്ല. ഭാഗികമായി തകർന്ന പാലത്തിൽ അപകടം പതിവായപ്പോൾ നാട്ടുകാർ ചേർന്ന് മുളയും കയറും ഉപയോഗിച്ചുള്ള കൈവരികൾ നിർമ്മിച്ചിരിക്കുകയാണ്.
പ്രതിഷേധത്തിന്റെ ഭാഗമായല്ല, സുരക്ഷ ഉറപ്പാക്കുന്നതിനായാണ് വാർഡ് മെമ്പർ ജിയോ ജോർജിന്റെ നേതൃത്വത്തിൽ കൈവരി കെട്ടിയതെന്ന് നാട്ടുകാർ പറയുന്നു. പ്രളയത്തിൽ പാലത്തിന്റെ ഭാഗമായ റോഡ് നൂറ് മീറ്ററോളം ഒലിച്ചുപോയിരുന്നു. കേന്ദ്ര നിരീക്ഷകരും ജില്ലാ കളക്ടറും അടക്കമുള്ളവർ സ്ഥലം സന്ദർശിച്ച് പാലവും റോഡും പുനർനിർമ്മിക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. പുനർനിർമ്മാണത്തിന് ടെൻഡർ നടപടികളായെങ്കിലും പിന്നീട് ആരും തിരിഞ്ഞുനോക്കാത്ത സ്ഥിയിലായി.
നാട്ടുകാരുടെ നേതൃത്വത്തിൽ നിരവധി തവണ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ചിരുന്നു. പ്രളയം കഴിഞ്ഞ് മൂന്ന് വർഷമാകുമ്പോഴും വാഗ്ദാനങ്ങൾ ബാക്കിയാകുകയാണ്. ചാലക്കുടിപ്പുഴിൽ വെള്ളം ഉയർന്നതിനെതുടർന്നാണ് നാശനഷ്ടങ്ങൾ സംഭവിച്ചത്. വാഹനങ്ങൾക്ക് പ്രയാസപ്പെട്ട് പോകാമെങ്കിലും പാലത്തിന്റെ കൈവരി ഇല്ലാത്തത് നിരവധി അപകടങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇരുചക്ര വാഹനങ്ങൾ അടക്കം യാത്രക്കാർ വൈൻതോട്ടിലേക്ക് മറിഞ്ഞ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ഇനിയും അധികൃതർ ശാശ്വത നടപടി സ്വീകരിച്ചില്ലെങ്കിൽ സമരത്തിനൊരുങ്ങുമെന്ന് നാട്ടുകാർ പറഞ്ഞു.