ഗുരുവായൂർ: മലയാള ചലച്ചിത്ര ലോകത്ത് പാട്ടിന്റെ ദേവസഭാതലമൊരുക്കിയ നാദമയൂഖം 'അരികെ' എത്തിയപ്പോൾ നഗരസഭ ഒരുക്കിയ വെബിനാറിൽ പങ്കെടുത്തവർ പൊന്മുരളിയൂതുന്ന കാറ്റിൽ ഈണമലിഞ്ഞു ചേർന്ന ഭാവത്തിലായി. തന്റെ പാട്ടെഴുത്തിന്റെ വഴികളും അഭിനയ മുഹൂർത്തങ്ങൾ പിറന്നതുമൊക്കെ മായാമയൂരം പീലിനീർത്തിയാടും പോലെ കൈതപ്രം ദാമോദരൻ നമ്പൂതിരി ഓൺലൈൻ സദസിൽ പങ്കുവെച്ചു. മഹാമാരിക്കാലത്തെ ഒറ്റപ്പെടലിന്റെ വിരസതയകറ്റാൻ നഗരസഭ ആരംഭിച്ച ഓൺലൈൻ സായാഹ്ന സാംസ്‌കാരിക വിരുന്നായ 'അരികെ' 30 ദിവസം തികക്കുന്ന ദിവസമാണ് കൈതപ്രം അതിഥിയായെത്തിയത്.
'ഹിസ് ഹൈനസ് അബ്ദുള്ളയിൽ' മോഹൻലാലിനൊപ്പം പാട്ട് രംഗത്തിൽ അഭിനയിക്കേണ്ടിവരുമെന്ന് അറിയില്ലായിരുന്നുവെന്ന് കൈതപ്രം പറഞ്ഞു. അതിലെ 'ഗോപികാവസന്തം തേടി' എന്ന ഗാനം ചിട്ടപ്പെടുത്തിയത് തൃശൂർ രാമനിലയത്തിലാണ്. അടുത്ത പാട്ടുകൾ ഒരുങ്ങിയത് ചെന്നൈയിലെ പാംഗ്രൂം ഹോട്ടലിലെ ഒന്നാം നമ്പർ മുറിയിലായിരുന്നു. അവിടെയാണ് 'ദേവസഭാതലം രാഗിലമാകുവാൻ' പിറക്കുന്നത്. രണ്ട് സംഗീത ശിരോമണികൾ മത്സരിച്ച് പാടുന്ന ആ രംഗത്തിൽ തന്നോട് അഭിനയിക്കാൻ ആവശ്യപ്പെട്ടത് ലോഹിതദാസായിരുന്നു. 15 ദിവസം കൊണ്ടാണ് തക്കലയിലെ പത്മനാഭപുരം കൊട്ടാരത്തിൽ വച്ച് ആ പാട്ട് ചിത്രീകരിച്ചത്. താൻ പാടി അഭിനയിച്ചിട്ടുള്ള സ്വാതി തിരുനാളിലും ഇതേ കൊട്ടാരമായിരുന്നു. ആദ്യമായി പാട്ടെഴുതിയ 'എന്നെന്നും കണ്ണേട്ടനിലെ' അനുഭവങ്ങളും കൈതപ്രം പങ്കുവെച്ചു. ജെറി അമൽദേവ് സംഗീതം പകർന്ന അതിലെ പാട്ടുകൾ യേശുദാസാണ് പാടിയത്. അതിലെ 'ദേവദുന്ദുഭി സാന്ദ്രലയം' എന്ന് തുടങ്ങുന്ന പാട്ടിലെ 'നീരവഭാവം മരതകമണിയും, സൗപർണ്ണികാ തീരഭൂവിൽ, പൂവിടും നവമല്ലികാ ലതകളിൽ, സർഗ്ഗോന്മാദ ശ്രുതിവിലയം' എന്ന വരികൾ വായിച്ചപ്പോൾ യേശുദാസ് ''മോനെ, എന്താണ് നീ ഉദ്ദേശിച്ചത്?'' ''ദാസേട്ടൻ ഉദ്ദേശിച്ചത് തന്നെയാണ് ഞാൻ ഉദ്ദേശിച്ചത്'' എന്നാണ് മറുപടി നൽകിയത്. മൂകാംബികാ ഭക്തനായ യേശുദാസിന് താൻ ഉദ്ദേശിച്ചത് ഒറ്റവായനയിൽ വ്യക്തമായി.
ഈയിടെ അന്തരിച്ച തന്റെ ഭാര്യാപിതാവ് നടൻ ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയുടെ ഓർമകളും കൈതപ്രം പങ്കുവെച്ചു. കൈതപ്രത്തിന്റെ കോഴിക്കോട് തിരുവണ്ണൂരിലെ വീടിന്റെ ഗൃഹപ്രവേശത്തിന് എത്തിയപ്പോഴാണ് ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെ സംവിധായകൻ ജയരാജ് കണ്ടതും ദേശാടനത്തിലേക്ക് ക്ഷണിച്ചതുമെന്ന് അദ്ദേഹം പറഞ്ഞു. താൻ അനുഭവിച്ച വേദനകളും യാതനകളും തന്റെ കവിതക്ക് വിഷയമായിട്ടുണ്ടെന്നും കൈതപ്രം കൂട്ടിച്ചേർത്തു.
നഗരസഭാദ്ധ്യക്ഷൻ എം. കൃഷ്ണദാസ് അദ്ധ്യക്ഷത വഹിച്ചു. പങ്കെടുത്തവരുടെ ആവശ്യാനുസരണം കീർത്തനങ്ങളും പാട്ടുകളും കൈതപ്രം ആലപിച്ചു.