തൃശൂർ: വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച തൃശൂർ സ്വദേശിയായ യുവാവിനെതിരെ ശ്രീലങ്കൻ സ്വദേശിനിയായ ഡോക്ടർ സി.ബി.ഐക്ക് പരാതി നൽകി. യു.കെയിൽ മെഡിക്കൽ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന പാവറട്ടി സ്വദേശിയായ യുവാവ് 14 മാസത്തോളം ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ് പരാതി. യുവാവ് വിദേശത്തായതിനാലാണ് സി.ബി.ഐക്ക് പരാതി നൽകിയതെന്ന് യുവതി വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഇയാൾ വിവാഹിതനാകുന്നതായി അറിഞ്ഞ് ലണ്ടനിൽ നിന്നെത്തിയ യുവതി ഒരു മാസമായി തൃശൂരിലുണ്ട്.
ബ്രിട്ടനിൽ കാർഡിയാക് സർജനാണ് യുവതി. ലണ്ടനിലെ കിംഗ്‌സ് കോളേജ് ഹോസ്പിറ്റലിൽ കാർഡിയാക് സർജൻ ട്രെയിനി ആയിരിക്കെയാണ് യുവാവുമായി പ്രണയത്തിലായത്. വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചെന്ന് യുവതിയുടെ വീട്ടുകാരെ യുവാവ് അറിയിച്ചിരുന്നു. യുവാവുമായി ഒരുമിച്ചു താമസിക്കുകയും ചെയ്തു. ഒരിക്കൽ ഭീഷണിയെത്തുടർന്ന് ഗർഭച്ഛിദ്രം നടത്തേണ്ടിവന്നു.2020 ജൂണിൽ യുവാവിന്റെ വീട്ടിലെത്തി വീട്ടുകാരെ കണ്ട് അവസ്ഥ അറിയിച്ചെങ്കിലും അവർ ചെവി കൊണ്ടില്ല. ഭീഷണിപ്പെടുത്തുകയും ചെയ്തു. ഫോൺ വിളിച്ചിട്ട് പ്രതികരണവുമില്ല. മുഖ്യമന്ത്രിക്കും വനിതാ കമ്മിഷനും പരാതി അയച്ചിട്ടുണ്ട്.