കുന്നംകുളം: മൊബൈൽ ഫോണില്ലാതെ പഠനം മുടങ്ങിയ വിദ്യാർത്ഥികൾക്ക് അര ലക്ഷത്തിലധികം രൂപയുടെ സ്മാർട്ട് ഫോൺ നൽകി മാതൃകയാവുകയാണ് ഗ്ലാഡിയേറ്റേഴ്‌സ് എന്ന പേരിലുള്ള കുട്ടിക്കൂട്ടായ്മ. പ്രവാസികളും ഈ സത്പ്രവൃത്തിയിൽ കൈത്താങ്ങായി. സുഹൃത്തുക്കളായ സി.അദ്വൈത്, അഭയ്, കെ. ബവിൻ തുടങ്ങിയവയുടെ ആശയത്തിൽ ഉദിച്ചതാണ് ഈ കൂട്ടായ്മ. ഓൺലൈൻ പഠന സൗകര്യമില്ലാത്ത മറ്റ് കുട്ടികൾക്ക് പഠനസൗകര്യം ഒരുക്കുന്നതിനുള്ള പദ്ധതി ഇവർ രൂപീകരിക്കുകയായിരുന്നു. ഇതറിഞ്ഞ കുന്നംകുളം എൻ.ആർ.ഐ ഫോറം ഇവരെ സമീപിച്ചു. തുടർന്ന് അര ലക്ഷത്തിലധികം രൂപയുടെ സ്മാർട്ട് ഫോൺ വാങ്ങി നൽകി.
എ.സി. മൊയ്തീൻ എം.എൽ.എ സ്മാർട്ട് ഫോൺ വിതരണം ഉദ്ഘാടനം ചെയ്തു. തൃശൂർ റോഡിലെ ടാക്‌സി സ്റ്റാൻഡിൽ നടന്ന ചടങ്ങിൽ വിദ്യാർത്ഥി പ്രതിനിധികളും എൻ.ആർ.ഐ ഫോറം പ്രതിനിധികളായ സുനിൽ പി. മാത്യൂ, ഷംസുദ്ദീൻ പോർക്കുളം, പ്രസ് ക്ലബ് പ്രസിഡന്റ് എം. ബിജുബാൽ, കുന്നംകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ഇ.എൻ. ശ്രീകാന്ത്, അധ്യാപക പ്രതിനിധി പി.എസ്. ഷീല തുടങ്ങിയവർ പങ്കെടുത്തു.
സർക്കാർ, എയ്ഡഡ് സ്‌കൂളിൽ നിന്ന് തിരഞ്ഞെടുത്തവർക്കാണ് ഫോൺ നൽകിയത്.