photo
ചാലക്കുടി തഹസിൽദാർ, വില്ലേജ് ഓഫീസർ, ജില്ലാ പഞ്ചായത്ത് അംഗം ശോഭന ഗോകുൽനാഥ് കുട്ടിയെ എന്നിവർ സന്ദർശിക്കുന്നു.

മാള: സാറേ, എനിക്ക് ചിക്കൻ വേണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ട ആറാം ക്ലാസുകാരന്റെ ദയനീയാവസ്ഥ സംബന്ധിച്ച് കളക്ടർ റിപ്പോർട്ട് തേടി. കളക്ടർ എസ്. ഷാനവാസിന്റെ നിർദ്ദേശമനുസരിച്ച് ചാലക്കുടി തഹസിൽദാർ രാജു, വില്ലേജ് ഓഫീസർ രഞ്ജിത്ത്,​ ജില്ലാ പഞ്ചായത്ത് അംഗം ശോഭന ഗോകുൽനാഥ് എന്നിവർ സ്ഥലം സന്ദർശിച്ചു. കുടുംബത്തിലെ എല്ലാവരുടെയും കൊവിഡ് ഭേദമാകുന്നതോടെ പഞ്ചായത്ത് എൻജിനിയറോട് പരിശോധന നടത്തി റിപ്പോർട്ട് നൽകാനും ആവശ്യപ്പെടും.

നിലവിലുള്ള വീടിന്റെ അവസ്ഥയെക്കുറിച്ചും പുനർനിർമ്മാണം സാദ്ധ്യമാണോയെന്ന് പരശോധിക്കാനും റവന്യു വകുപ്പ് ആവശ്യപ്പെടും. പുനർനിർമ്മാണം സാദ്ധ്യമാണെങ്കിൽ സ്വകാര്യ പങ്കാളിത്തത്തോടെ നിർമ്മാണം നടത്താനും ആലോചനയുണ്ട്. എസ്റ്റിമേറ്റ് തയ്യാറാക്കിയാൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകൂ. പുനർനിർമ്മാണം സാദ്ധ്യമല്ലെങ്കിൽ നിയമവശം കൂടി പരിഗണിച്ചാകും വീട് ഒരുക്കുക.

സാറേ എനിക്ക് ചിക്കൻ വേണമെന്നും ഏറെക്കാലമായി ചിക്കൻ കഴിച്ചിട്ടെന്നും ആറാം ക്‌ളാസുകാരൻ ഫോണിലൂടെ പൊലീസിനോട് പറഞ്ഞത് വാർത്തയായിരുന്നു. കൊവിഡ് ബാധിച്ച് വീടിനുള്ളിൽ കഴിയുന്നവരുടെ ക്ഷേമവും ആവശ്യങ്ങളും അന്വേഷിച്ച് ബീറ്റ് ഓഫീസർമാരായ സജിത്തും മാർട്ടിനും ഫോൺ വിളിച്ചപ്പോഴാണ് കുടുംബത്തിന്റെ ദയനീയ സ്ഥിതി അറിയുന്നത്. അമ്മ ഇടയ്ക്കിടെ വീട്ടുജോലിക്ക് പോയി ലഭിക്കുന്ന ചെറിയ വരുമാനത്തിൽ നിന്നാണ് ഇവരുടെ കുടുംബം കഴിഞ്ഞിരുന്നത്. കൊവിഡ് ബാധിച്ചപ്പോൾ അതും ഇല്ലാതാകുകയായിരുന്നു. അച്ഛൻ മേക്കാട്ടിൽ മാധവൻ അഞ്ച് വർഷമായി തളർന്നു കിടക്കുകയാണ്. തങ്ങളുടെ സ്ഥിതി കണ്ടറിഞ്ഞ് സർക്കാർ ആവശ്യമായ സഹായങ്ങൾ ഒരുക്കുമെന്നാണ് ഈ കുടുംബത്തിന്റെ പ്രതീക്ഷ.