mmmm

യാത്രായോഗ്യമാക്കിയെന്ന് അധികൃതർ അവകാശപ്പെടുന്ന റോഡിന്റെ അവസ്ഥ

അന്തിക്കാട്: അമൃതം കുടിവെള്ള പദ്ധതി - കിഫ്ബി ശുദ്ധജല പദ്ധതി എന്നിവയ്ക്കായി മാസങ്ങൾക്ക് മുമ്പ് പൊളിച്ച പെരിങ്ങോട്ടുക്കര - അന്തിക്കാട് റോഡ് സി.സി മുകുന്ദൻ എം.എൽ.എയുടെ ഇടപെടലിന് ശേഷവും സഞ്ചാരയോഗ്യമാക്കാൻ കഴിഞ്ഞില്ലെന്ന് ആക്ഷേപം.

റോഡ് പൊളിച്ച് പൈപ്പിട്ടതിന് ശേഷം ആ ഭാഗം സഞ്ചാരയോഗ്യമാക്കിയാൽ മാത്രമെ ബാക്കിയുള്ള ദൂരം പൊളിക്കാൻ പാടുള്ളൂ എന്ന നിബന്ധന കാറ്റിൽ പറത്തിയാണ് ഉദ്യോഗസ്ഥരും കരാറുകാരും റോഡ് പൊളിച്ചത്.

റോഡിന്റെ ശോചനീയാവസ്ഥയെ തുടർന്ന് അറ്റകുറ്റപ്പണികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തിയാക്കണമെന്ന് എം.എൽ.എ വാട്ടർ അതോറിറ്റി അധികൃതർക്ക് നിർദ്ദേശം നൽകിയിരുന്നു. എന്നിട്ടും റോഡ് സഞ്ചാരയോഗ്യമായില്ല.

ഒരു കിലോ മീറ്ററോളം ദൂരത്തെ കുഴി അടച്ച മെറ്റലുകളെല്ലാം അടർന്നു പോയ സ്ഥിതിയാണ്. ഈ കല്ലുകളിലൂടെ സഞ്ചരിച്ച് നിരവധിയാളുകളാണ് തെന്നി വീണ് അപകടത്തിൽപ്പെടുന്നത്. കാലവർഷം ശക്തി പ്രാപിക്കുന്നതിന് മുമ്പ് ടാറിംഗ് പൂർത്തീകരിച്ചില്ലെങ്കിൽ അപകടങ്ങൾ തുടർക്കഥയാകുമെന്ന് നാട്ടുകാർ പറയുന്നു.