elephant-nandan

ഗുരുവായൂർ: ഗുരുവായൂർ ദേവസ്വത്തിലെ ആനകൾക്കുള്ള സുഖചികിത്സയ്ക്ക് നാളെ തുടക്കം. 30 ദിവസം നീളുന്ന ചികിത്സയിൽ ആയുർവേദ, അലോപ്പതി മരുന്നുകൾ ഉൾപ്പെടുത്തി പ്രത്യേക ആഹാരക്രമമാണ് നിശ്ചയിച്ചിട്ടുള്ളത്.

12.5 ലക്ഷം രൂപയാണ് സുഖചികിത്സയ്ക്കായി ദേവസ്വം എസ്റ്റിമേറ്റ് തയ്യാറാക്കിയിട്ടുള്ളത്. ആനകളുടെ ആരോഗ്യ സംരക്ഷണത്തിനും, ശരീരപുഷ്ടിക്കും വേണ്ടി പ്രത്യേകം തയ്യാറാക്കിയ സമീകൃത ആഹാരം ആനകൾക്ക് നൽകും. ആകെയുള്ള 45 ആനകൾക്കും സുഖചികിത്സ നൽകും.

ആനകളെ കുളിപ്പിച്ച് വൃത്തിയാക്കിയശേഷം കോട്ടയുടെ വടക്കേ മുറ്റത്ത് അണിനിരത്തി ഭക്ഷണം കൊടുക്കും. ആന ചികിത്സാ വിദഗ്ദ്ധർ ഡോ. കെ.സി. പണിക്കർ, ഡോ. പി.ബി. ഗിരിദാസ്, ഡോ. എം.എൻ. ദേവൻ നമ്പൂതിരി , ഡോ. ടി.എസ്. രാജീവ് , ഡോ. വിവേക് , ദേവസ്വം വെറ്ററിനറി സർജൻമാർ തുടങ്ങിയവർ മേൽനോട്ടം വഹിക്കും.

കൊവിഡ് മാനദണ്ഡങ്ങൾ നിലവിലുള്ളതിനാൽ സുഖചികിത്സാ സമയത്ത് പുറത്തുനിന്ന് ആരെയും ആനത്താവളത്തിലേക്ക് പ്രവേശിപ്പിക്കുന്നതല്ല.

- ഗുരുവായൂർ ദേവസ്വം

സുഖചികിത്സാ ഭക്ഷണം
4050 കിലോ അരി, 1350 കിലോ ചെറുപയർ, മുതിര, 1350 കിലോ റാഗി, 135 കിലോ അഷ്ടചൂർണ്ണം, 337.5 കിലോ ച്യവനപ്രാശം, 135 കിലോ മഞ്ഞൾപ്പൊടി , ഷാർക്കോഫെറോൾ, മിനറൽ മിക്‌സ്ചർ, ധാതുലവണങ്ങൾ തുടങ്ങിയവ അടങ്ങിയത്.