ഒല്ലൂർ: തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർക്ക് രണ്ടാം ഡോസ് നൽകുന്നതിൽ ജില്ലാ ഭരണകൂടം അനാസ്ഥ കാട്ടുന്നതായി ആക്ഷേപം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഡ്യൂട്ടി ചെയ്തവർക്കാണ് ഈ പരാതിയുള്ളത്. ഇവർക്ക് മാർച്ച് മാസം അവസാനത്തിൽ ആദ്യ ഡോസ് വാക്‌സിൻ നൽകിയെങ്കിലും തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ ഇവർക്ക് രണ്ടാം ഡോസ് നൽകുന്നതിൽ അനിശ്ചിതത്വമാണ്. ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെടുമ്പോൾ അതാതു വാർഡ് അംഗങ്ങളുമായി ബന്ധപ്പെടാനോ അല്ലെങ്കിൽ സ്വന്തം നിലയിൽ ആപ്പ് മുഖേന രജിസ്റ്റർ ചെയ്യണമെന്നോ ആണ് നിർദ്ദേശിക്കുന്നത്. എന്നാൽ 18നും 45നും ഇടയിൽ പ്രായമായവർക്ക് രണ്ടാം ഡോസ് രജിസ്‌ട്രേഷൻ സാങ്കേതിക പ്രശ്‌നങ്ങൾ മൂലം സാദ്ധ്യമാകുന്നില്ല. ഇവരുടെ രണ്ടാം ഡോസ് രജിസ്‌ട്രേഷൻ പ്രവർത്തനക്ഷമമല്ലെന്ന് വെബ്സൈറ്റിൽ കാണിക്കുന്നു. തിരഞ്ഞെടുപ്പിന്റെ അടിയന്തിര പ്രാധാന്യം കണക്കിലെടുത്താണ് ഇവർക്ക് ഒന്നാം ഡോസ് നൽകിയത്. ഇവർക്ക് രണ്ടാം ഡോസ് നൽകുന്നത് ഉറപ്പാക്കേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്. മാർച്ച് 20ന് ഒന്നാം ഡോസ് സ്വീകരിച്ച ഇവർക്ക് രണ്ടാം ഡോസ് നൽകേണ്ട 84 ദിവസവും പിന്നിട്ടിട്ടും ഇനി എപ്പോൾ ലഭിക്കുമെന്നറിയാത്ത സ്ഥിതിയാണുള്ളത്. ജില്ലാ ഭരണകൂടം അടിയന്തരമായി ഇടപെട്ട് ഇവർക്ക് രണ്ടാം ഡോസ് ലഭ്യമാക്കണമെന്നാണ് ആവശ്യം.