തൃശൂർ : മുള്ളൂർക്കരയിലെ ക്വാറി സ്‌ഫോടനവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നത് എൻ.ഐ.എ ഉൾപ്പെടെ നാല് സംഘങ്ങൾ. ജില്ലാ ക്രൈം ബ്രാഞ്ച് സംഘം, ആർ.ഡി.ഒയുടെ നേതൃത്വത്തിലുള്ള മജിസ്റ്റീരിയൽ അന്വേഷണം എന്നിവയ്ക്ക് പുറമേ കേന്ദ്ര ഇന്റലിജൻസ്, എൻ.ഐ.എ എന്നിവരുടെ അന്വേഷണമാണ് നടക്കുന്നത്.
ഇതിനിടെ സർക്കാർ നിയോഗിച്ച ക്രൈം ബ്രാഞ്ച് അന്വേഷണ സംഘത്തലവൻ എ.സി.പി ശശികുമാറിനെ പാലക്കാട് ഡി.വൈ.എസ്.പിയായി സ്ഥലം മാറ്റിയിട്ടുണ്ട്. പുതിയ ഉദ്യോഗസ്ഥൻ നേരത്തെ ഇരിങ്ങാലക്കുട ഡിവൈ.എസ്.പിയായിരുന്ന രാജേഷാണ്. കൊല്ലപ്പെട്ട ഒന്നാം പ്രതി അബ്ദുൾ നൗഷാദ് നടത്തിയിരുന്ന കരിങ്കൽ ക്വാറികളിൽ പാറ പൊട്ടിക്കുന്നതിനായി അനധികൃതമായി ശേഖരിച്ച് സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തുക്കൾ പൊലീസ് റെയ്ഡ് നടത്തി പിടികൂടുമെന്ന ഭയത്താൽ നശിപ്പിച്ചു കളയാൻ ശ്രമിക്കുമ്പോഴാണ് സ്‌ഫോടനമുണ്ടായതെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ക്വാറി സ്‌ഫോടനത്തെ കുറിച്ച് അന്വേഷണം കോൺഗ്രസും ബി.ജെ.പിയും ആവശ്യപ്പെട്ടിരുന്നു. സംഭവത്തിൽ ഒരാൾ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
ക്രൈം ബ്രാഞ്ച്
അപകടം നടന്നയുടനെ ലോക്കൽ പൊലീസാണ് അന്വേഷിച്ചതെങ്കിലും പിന്നീട് ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി പി. ശശികുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കുകയായിരുന്നു. വിശദമായ അന്വേഷണം നടത്തണമെന്ന ആവശ്യം ഉയർന്നതോടെയാണ് ക്രൈം ബ്രാഞ്ചിനെ ഏൽപ്പിച്ചത്. ഏതാനും ദിവസത്തെ അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇനി നാലു പേരെ കൂടി അറസ്റ്റ് ചെയ്യാനുണ്ട്. പ്രാദേശികമായി നിരവധി പേരിൽ നിന്നും പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരിൽ നിന്നും എടുത്ത മൊഴികളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. പുതിയ ആൾ ചാർജ്ജെടുത്ത ശേഷമായിരിക്കും തുടർനടപടി.
മജിസ്റ്റീരിയൽ അന്വേഷണം
ക്വാറി സഫോടനവുമായി ബന്ധപ്പെട്ട് ആർ.ഡി.ഒയുടെ നേതൃത്വത്തിലുള്ള അന്വേഷണം അടുത്ത ദിവസം ആരംഭിക്കും. തൃശൂർ ആർ.ഡി.ഒ എൻ.കെ കൃപയ്ക്കാണ് അന്വേഷണ ചുമതല. പൊലീസിൽ നിന്നും ഫോറൻസിക് വിഭാഗത്തിൽ നിന്നും റിപ്പോർട്ട് തേടിയ ശേഷം ആവശ്യമായവരിൽ നിന്ന് മൊഴിയെടുത്ത ശേഷമായിരിക്കും റിപ്പോർട്ട് സമർപ്പിക്കുക. പതിനഞ്ച് ദിവസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
എൻ.ഐ.എ
സ്‌ഫോടനത്തിന് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്ന പരാതിയെ തുടർന്നാണ് എൻ.ഐ.എ അന്വേഷണം നടത്തുന്നത്. ഫോറൻസിക് വിഭാഗത്തിൽ നിന്ന് റിപ്പോർട്ട് തേടിയത്. ക്വാറിയിൽ പാറ പൊട്ടിക്കുന്നതിന് ഉപയോഗിക്കുന്ന സാധാരണ വെടിമരുന്നല്ല സ്‌ഫോടനത്തിനിടയാക്കിയതെന്നാണ് എൻ.ഐ.എ വാദം. തീവ്രശേഷിയുള്ള ഡിറ്റണേറ്ററുകളും ജലാറ്റിൻ സ്റ്റിക്കുകളുമാണ് ഉപയോഗിച്ചിട്ടുള്ളതെന്ന നീരിക്ഷണവുമുണ്ട് . എന്നാൽ തീവ്രവാദ ബന്ധമുണ്ടെന്ന് പറയാൻ കഴിയില്ലെന്നും എൻ.ഐ.എ വെളിപ്പെടുത്തി. പൊലീസ്, ഫോറൻസിക് വിദഗ്ദ്ധർ എന്നിവർ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും അന്വേഷണം.
കേന്ദ്ര ഇന്റലിജന്റ്‌സ്
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഇന്റലിജൻസ് (ഐ.ബി) സംഘം വാഴക്കോട് വിവരം ശേഖരിച്ചത്. സമീപവാസികളിൽ നിന്ന് മൊഴിയെടുത്ത സംഘം പൊലീസിൽ നിന്ന് റിപ്പോർട്ട് തേടി. എന്നാൽ ഇത് സംബന്ധിച്ച് മറ്റ് അന്വേഷണം ഉണ്ടായിട്ടില്ല.