kuthirnan

തൃശൂർ : കുതിരാനിൽ ടണൽ പാതയുടെ നിർമ്മാണ പുരോഗതി വിലയിരുത്താൻ മന്ത്രിമാരടങ്ങുന്ന പ്രത്യേക സംഘം നാളെ അടിയന്തരമായി സ്ഥലം സന്ദർശിക്കും. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, അഡ്വ.കെ. രാജൻ, ഡോ.ആർ. ബിന്ദു, പി.എ മുഹമ്മദ് റിയാസ്, കളക്ടർ എസ്. ഷാനവാസ് എന്നിവരോടൊപ്പം വനം വകുപ്പ്, ദേശീയ പാത, പി.ഡബ്‌ള്യു.ഡി അധികൃതരും സംഘത്തിലുണ്ടാകും. ടണൽ നിർമ്മാണത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ ഓൺലൈനായി ചേർന്ന യോഗത്തിലാണ് തീരുമാനം. കുതിരാൻ ടണൽ പാതയിൽ ആഗസ്റ്റ് ഒന്നിന് ഒരു ടണൽ ഗതാഗതത്തിന് തുറന്നുകൊടുക്കാനുള്ള സൗകര്യമൊരുക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നിർമ്മാണം വേഗത്തിലാണ് പുരോഗമിക്കുന്നത്. ആഗസ്റ്റ് ഒന്നിന് മുമ്പ് എല്ലാ പ്രവൃത്തികളും പൂർത്തീകരിക്കാനുള്ള നടപടി യോഗത്തിൽ സ്വീകരിച്ചു. മൺസൂൺ കാലമാണെങ്കിലും പ്രവർത്തനം തടസമില്ലാതെ മുന്നോട്ടുപോകാനുള്ള നടപടികൾക്ക് നിർദ്ദേശം നൽകി. ചെറിയ അറ്റകുറ്റപ്പണികൾ വേഗം തീർക്കുകയാണ്. എല്ലാ ആഴ്ചയും നിർമ്മാണ സ്ഥലം സന്ദർശിച്ച് പുരോഗതി വിലയിരുത്തി റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർക്ക് മന്ത്രിമാർ നിർദ്ദേശം നൽകി. മന്ത്രിമാരായ കെ. രാധാകൃഷ്ണൻ, അഡ്വ. കെ. രാജൻ, ഡോ. ആർ. ബിന്ദു, പി.എ. മുഹമ്മദ് റിയാസ്, എം.പിമാരായ ടി.എൻ. പ്രതാപൻ, രമ്യ ഹരിദാസ്, കളക്ടർ എസ്.ഷാനവാസ് എന്നിവർ പങ്കെടുത്തു.