തൃശൂർ: നഗരത്തിലെ രൂക്ഷമായ കൊവിഡ് വാക്‌സിൻ ക്ഷാമം ഗൗരവമെന്ന് മേയർ എം.കെ. വർഗീസ്. ജനസംഖ്യാനുപാതികമായി വാക്‌സിൻ ലഭ്യമാകുന്നില്ലെന്നു പ്രതിപക്ഷ നേതാവ് രാജൻ ജെ.പല്ലൻ കൗൺസിൽ യോഗത്തിൽ ആക്ഷേപമുന്നയിച്ചതിനുള്ള വിശദീകരണത്തിലാണ് മേയറുടെ നിലപാട്. ജനസംഖ്യാനുപാതികമായി ലഭിക്കേണ്ട വാക്‌സിൻ സർക്കാർ നൽകാത്തത് കടുത്ത അവഗണനയാണെന്ന് രാജൻ പല്ലൻ പറഞ്ഞു. മെഗാ വാക്‌സിനേഷൻ ക്യാമ്പുകൾ സംഘടിപ്പിക്കാനാകാത്തതിലും പ്രതിഷേധിച്ചു.

പ്രതിപക്ഷ നേതാവിന്റെ ആരോപണം ശരിയാണെന്ന് പറഞ്ഞ മേയർ ഇക്കാര്യം തനിക്കും ബോധ്യമുണ്ടെന്നു ചൂണ്ടിക്കാട്ടി. അർഹമായ വാക്‌സിൻ ആവശ്യപ്പെട്ട് സർക്കാരിലേക്ക് കത്തയക്കുമെന്നും മേയർ പറഞ്ഞു. പലയിടത്തും വാക്‌സിൻ ലഭ്യതയെകുറിച്ച് പരിഭ്രാന്തിയിൽ ആണെന്ന് മേയർ പറഞ്ഞു. കോർപറേഷൻ വൈദ്യുതി വിഭാഗത്തിന്റെ പ്രവർത്തനങ്ങളെ വിലയിരുത്തുന്ന ഓഡിറ്റ് റിപ്പോർട്ട് കൗൺസിലർമാർക്കു നൽകാതെ മറുപടി മാത്രം ചർച്ചയ്‌ക്കെടുത്തുവെന്ന് പരാതി ഉയർന്നു. ഇതു കേട്ടുകേൾവിയില്ലാത്തതാണെന്ന് വ്യാപക ആക്ഷേപമുയർന്നു. ഓഡിറ്റ് റിപ്പോർട്ടു നൽകാതെ ഓഫീസ് തയ്യാറാക്കിയ മറുപടി ചർച്ച ചെയ്യാനാണ് അജൻഡ വെച്ച് യോഗം വിളിച്ചത്. ഓഡിറ്റ് റിപ്പോർട്ട് കൗൺസിലർമാർക്ക് നൽകിയില്ല. പകരം വിശദീകരണം മാത്രം കേട്ടിരിക്കേണ്ടിവന്നു. പ്രതിപക്ഷം ഓഡിറ്റ് റിപ്പോർട്ടു ലഭിക്കാൻ നടത്തിയ നീക്കങ്ങളും ഫലംകണ്ടില്ല. ഫലത്തിൽ ഈ ചർച്ച പ്രഹസനമായെന്ന് കൗൺസിലർമാർ പറഞ്ഞു. വൈദ്യുതി വിഭാഗത്തിന്റെ വീഴ്ച്ചകൾ വ്യക്തമായി പരാമർശിക്കുന്നതാണ് ഓഡിറ്റ് റിപ്പോർട്ട്. അതു കാണിക്കാതെ ഉദ്യോഗസ്ഥർ നൽകിയ വിശദീകരണം മാത്രം ചർച്ച ചെയ്യുന്നതിന്റെ സാംഗത്യം എന്താണെന്ന് പലരും ചോദിച്ചു. ഇക്കാര്യത്തിൽ ആർക്കും വിശദീകരിക്കാനായില്ല. റിപ്പോർട്ട് പഠിക്കുന്നതിനു പൊതുമരാമത്ത് കമ്മിറ്റിയുടെ പരിഗണനക്ക് വിടണമെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.