ചാലക്കുടി: സബ്സിഡിയിൽ ലഭിക്കുന്ന മത്സ്യക്കുഞ്ഞുങ്ങൾക്ക് നിലവാരം കുറയുന്ന പ്രവണത അവസാനിപ്പിക്കുന്നതിന് ഫിഷറീസ് വകുപ്പ് തയ്യാറാകണമെന്ന് ടി.ജെ. സനീഷ്‌കുമാർ എം.എൽ.എ. ചാലക്കുടി താലൂക്ക് സുഭിക്ഷ ബയോ ബ്ലോക്ക് മത്സ്യ കർഷക സംഘം പോട്ടയിൽ നടത്തിയ മത്സ്യക്കൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സബ്‌സിഡിയിൽ ലഭിക്കുന്ന മത്സ്യക്കുഞ്ഞുങ്ങൾ ചത്തു പോവുകയോ ഗുണനിലവാരം കുറയുകയോ ചെയ്താൽ കർഷകനെ സംബന്ധിച്ച് ദുരിതം മാത്രമാകും സമ്പാദ്യം. ഉദ്യോസ്ഥരുടെ ആത്മാർത്ഥമായ പരിശ്രമുണ്ടായില്ലെങ്കിൽ ജനപ്രതിനിധികൾക്ക് ഇടപെടേണ്ടി വരും എം.എൽ.എ പറഞ്ഞു. ഈ രംഗത്ത് മറ്റു നിരവധി പ്രശ്‌നങ്ങളും നിലനിൽക്കുന്നതിനാൽ കഴിഞ്ഞ ആറ് വർഷമായി നടത്തിവരുന്ന മത്സ്യക്കൃഷി താൻ അവസാനിപ്പിക്കുകയാണെന്നും സനീഷ്‌കുമാർ തുടർന്ന് പറഞ്ഞു. നഗരസഭാ ചെയർമാൻ വി.ഒ. പൈലപ്പൻ ചടങ്ങിൽ അദ്ധ്യക്ഷനായി. സംഘത്തിന്റെ അംഗ്വത വിതരണം ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വേണു കണ്ടരുമഠത്തിൽ നിർവഹിച്ചു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ സിന്ധു ലോജു, സംഘം പ്രസിഡന്റ് പോൾ ടി. കുര്യൻ, സെക്രട്ടറി സജി മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലീന ഡേവിസ്, വാർഡ് കൗൺസിസർ എബി ജോർജ്ജ്, ഫിഷറീസ് ഓഫീസർ എം.എം. ജിബിന എന്നിവർ പ്രസംഗിച്ചു.