ci

വിതുര: വിതുര പൊലീസ് ഇൻസ്പെക്ടർ വിപിൻഗോപിനാഥനുമുണ്ട് പ്രണയം. കവിതകളോടാണെന്നുമാത്രം. പ്രകൃതിയോടുള്ള തന്റെ ഇഷ്ടങ്ങൾ അദ്ദേഹം പുറത്തിറക്കിയ രണ്ട് കവിതാസമാഹാരങ്ങളിൽ കാണാം. 40 പ്രണയകാവ്യങ്ങളുമായി ആദ്യം പുറത്തിറക്കിയത് പൂമരം പെയ്യുമ്പോൾ എന്ന കവിതാസമാഹാരമാണ്. പത്തനംതിട്ടയിലെ വള്ളിക്കോട് എന്ന ജൻമഗ്രാമത്തിൻെറ നിറവും, സുഗന്ധവും, നിഷ്ക്കളങ്കതയും, സ്നേഹവും, സത്യവും ആ വരികളിൽ കാണാം. ശലഭദൂരം എന്ന രണ്ടാം പുസ്തകത്തിലും പ്രമേയം വ്യത്യസ്തമല്ല. ശലഭദൂരത്തിൽ 42 കവിതകളുണ്ട്. കുട്ടിക്കാലം മുതൽ കവിതാരചന തുടങ്ങി. 2007 ൽ ആണ് വിപിന് കേരളപൊലീസിൽ ജോലി ലഭിക്കുന്നത്. ജോലി തിരക്കിനിടയിലും കവിതയെ മറന്നില്ല. സമയം കിട്ടുമ്പോഴൊക്ക കവിത എഴുത്തി ‌ഡയറിയിൽ സൂക്ഷിച്ചു. കൊല്ലം വെച്ചൂച്ചിറ സ്റ്റേഷനിൽ ഡ്യൂട്ടി നോക്കവേ കവിതകൾ സുഹൃത്തുക്കളെ കാണിക്കുകയും പുസ്തകമാക്കാമെന്ന് തീരുമാനമെടുക്കുകയും ചെയ്തെങ്കിലും യാഥാർത്ഥ്യമായില്ല. അടൂരിൽ ട്രാഫിക് ചുമതലയിലിരിക്കുമ്പോൾ പരിചയപ്പെട്ട എസ്.ബി പബ്ലിക്കേഷൻ ഉടമയും, നടനും ഗായകനുമായ സുരേഷ്ബാബുവാണ് കവിതകളെ വിലയിരുത്തുകയും പുസ്തക രൂപത്തിൽ പ്രസിദ്ധീകരിക്കാമെന്നും വിപിനെ നിർബന്ധിച്ചത്. തുടർന്ന് പബ്ലിക്കേഷൻ ഉടമയായ മോഹനനെ പരിചയപ്പെടുകയും വരികളിൽ അച്ചടി മഷി പുരളുകയും ചെയ്തു. പൂമരം പെയ്യുമ്പോൾ എന്ന പുസ്തകത്തിന് അവതാരിക എഴുതിയത് ബി.സന്ധ്യ ഐ.പി.എസ് ആണ്. കുറിപ്പെഴുതിയത് എഴുത്തുകാരിയായ കണിമോൾ. ശലഭദൂരത്തിന് കവി കുരീപ്പുഴ ശ്രീകുമാറാണ് അവതാരിക എഴുതിയത്. വാക്കിലും വരികളിലും ഏറെ സ്വാധിനിച്ചത് വള്ളിക്കോട് എന്ന സുന്ദരഗ്രാമമാണെന്ന് വിപിൻ പറയുന്നു. തിരഞ്ഞെടുപ്പ് കാലത്ത് പൊൻമുടി മലയടിവാരത്തുള്ള വിതുര സ്റ്റേഷനിൽ എത്തിയ വിപിൻഗോപിനാഥ് ഇപ്പോഴും ജോലിക്കിടയിൽ വീണ് കിട്ടുന്ന സമയങ്ങളിൽ കവിത എഴുതാറുണ്ട്. വിപിൻഗോകുലം എന്ന ഫെയ്സ് ബുക്ക് പേജിലും മിക്ക ദിനങ്ങളിലും അദ്ദേഹം കുറിക്കുന്ന മിനികവിതകൾ കാണാം. മൂന്നാം കവിതാസമാഹാരം പുറത്തിറക്കാനുള്ള പണിപ്പുരയിലാണ് വിപിൻഗോപിനാഥ്.