kallupara

വിതുര: വിതുര പഞ്ചായത്തിലെ പേപ്പാറ വാർഡിൽ കല്ലുപാറയിൽ താമസിക്കുന്ന ആദിവാസികൾ ദുരിതപൂർണമായ ജീവിതം നയിക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ടാകുന്നു. കാട്ടുമൃഗങ്ങളുമായി മല്ലടിച്ച് 23 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ഇവരുടെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ ഇതുവരെ അധികാരികൾക്ക് കഴിഞ്ഞിട്ടില്ല. കല്ലുപാറ ആദിവാസിമേഖലയിലേക്ക് ഇരുചക്രവാഹനങ്ങളടക്കം ഒരു വാഹനങ്ങൾക്കും കഴിയറില്ല. ആർക്കെങ്കിലും ഒരസുഖം വന്നാൽ മൂന്ന് കിലോമീറ്ററോളം വരുന്ന പാറകൾ നിറഞ്ഞ ദുർഘടപാതയിലൂടെ ചുമന്ന് ഇപ്പുറമെത്തിക്കണം. മഴക്കാലമായാൽ പിന്നെ പറയുകയും വേണ്ട.

നിലവിൽ ഇവിടെയുള്ളവർക്ക് പുറംലോകവുമായി ബന്ധപ്പെടുക എന്നതും വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇവരുടെ ചെങ്കുത്തായ കയറ്റം കയറി കിലോമീറ്ററുകൾ നടന്നാണ് ഈ പ്രദേശത്ത് എത്തേണ്ടത്. കല്ലുപാറയിലേക്ക് റോഡ് നിർമ്മിക്കണമെന്നാവശ്യപ്പെട്ട് അനവധി തവണ ആദിവാസികൾ സർക്കാരിന് നിവേദനം നൽകിയിട്ടുണ്ട്. ദുരിതപൂ‌ണമായ ഇവരുടെ ജീവിതം സംബന്ധിച്ച് കേരളകൗമുദി വാ‌ർത്ത പ്രസിദ്ധീകരിച്ചതിനെ തുടർന്ന് ഫയർഫോഴ്സ് വിതുര യൂണിറ്റ്, വിതുര പൊലീസ്, എസ്.പി.സി,ആദിവാസികാണിക്കാർസംയുക്തസംഘം അടക്കം വിവിധ സംഘടനകൾ കല്ലുപാറയിൽ സഹായങ്ങൾ എത്തിച്ചിരുന്നു.

 വീട്ടിലേക്കുള്ള സാധനങ്ങളും, കെട്ടിടനിർമ്മാണ വസ്തുക്കളുമടക്കം തലച്ചുമടായി കൊണ്ടുപോകണം.

 വിതുരയിൽ നിന്നും ഒാട്ടോറിക്ഷ കല്ലുപാറയിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരെ വരെ എത്താൻ 250 രൂപ വേണം

 പാറക്കൂട്ടങ്ങൾ നിറഞ്ഞ് ചെങ്കുത്തായ പാതയായതിനാൽ വാഹനങ്ങൾക്കൊന്നും കല്ലുപാറയിലെത്തില്ല

 മഴക്കാലമായാൽ പാറകളിൽ തെന്നി വീണ് അപകടങ്ങൾ ഉണ്ടാകുക പതിവാണ്.

 വീടുപോലുമില്ല

ഇവിടെ താമസിക്കുന്ന മിക്കവർക്കും വാസയോഗ്യമായ വീടുകളുമില്ല. തിരഞ്ഞെടുപ്പ് വേളകളിൽ വോട്ട് തേടി രാഷ്ട്രീയക്കാർ കല്ലുപാറയിൽ എത്താറുണ്ട്. ആദിവാസികൾ ദുരിതകഥ പറയുമ്പോൾ വിജയിപ്പിച്ചാൽ ശരിയാക്കി തരാമെന്ന വാഗ്ദാനം നടത്തും. കാര്യം സാധിച്ചാൽ പിന്നീട് അടുത്ത തിരഞ്ഞെടുപ്പിന് മാത്രമേ കല്ലുപാറയിൽ കാല് കുത്താറുള്ളൂ. തിരഞ്ഞെടുപ്പ് ബഹിഷ്കരണസമരം വരെ നടത്തിയെങ്കിലും ഇവരുടെ ആവശ്യങ്ങൾ എങ്ങുമെത്തിയിട്ടില്ല.

 വികസനം സ്വപ്നങ്ങളിൽ മാത്രം

വനംവകുപ്പ് കനിഞ്ഞാൽ കല്ലുപാറയിൽ വാഹനങ്ങൾ എത്തുമെന്നാണ് ആദിവാസികൾ പറയുന്നത്. മന്ത്രിക്കും കളക്ടർക്കും എം.പിക്കും എം.എൽ.എക്കും ത്രിതലപഞ്ചായത്ത് പ്രസിഡന്റുമാർക്കും അനവധി തവണ കല്ലുപാറ നിവാസികൾ നിവേദനം നൽകിയിട്ടുണ്ട്. വിതുര പഞ്ചായത്തിലെ ഏറ്റവും പ്രതിസന്ധിയുള്ള ആദിവാസി കോളനികൂടിയാണ് കല്ലുപാറ. മാറി മാറി വരുന്ന സർക്കാരുകൾ ആദിവാസി മേഖലകളുടെ വികസനത്തിനായി കോടികൾ ചെലവഴിക്കുന്നുവെന്ന് പറയുമ്പോഴും കല്ലുപാറയിലെ ആദിവാസികൾ വികസനം സ്വപ്നം കാണുകയാണ്. കൊവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ കൂടി ഏർപ്പെടുത്തിയതോടെ കല്ലുപാറ നിവാസികളുടെ ജീവിതം കൂടുതൽ ദുരിതപൂർണമായി.

പ്രതികരണം

വിതുര പഞ്ചായത്തിലെ പേപ്പാറ വാ‌ർഡിലെ കല്ലുപാറയിൽ വികസനപ്രവർത്തനങ്ങൾ സാദ്ധ്യമാക്കണം,അടിയന്തര നടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.

ആദിവാസികാണിക്കാർ സംയുക്തസംഘം സംസ്ഥാനകമ്മിറ്റി ഭാരവാഹികൾ

മേത്തോട്ടം പി.ഭാർഗ്ഗവൻ (പ്രസിഡൻറ്)

പൊൻപാറ കെ. രഘു (ജനറൽസെക്രട്ടറി)

പടം

കല്ലുപാറയിലേക്കുള്ള ദുർഘടപാത