karttan-uyarunnathum-kath

കല്ലമ്പലം : ലോക്ക് ഡൗൺ ഒരു കൊല്ലത്തിനും അപ്പുറം കടന്നതോടെ നിത്യവൃത്തിക്ക് വഴിയില്ലാതായി സ്റ്റേജ് കലാകരന്മാരും കേരളത്തിലെ തനത് കലാരൂപങ്ങളിലെ അഭിനേതാക്കളും കലാപഠന കേന്ദ്രങ്ങളും.

മറ്റൊരു തൊഴിലും അറിയാത്ത ഇവർ സ്റ്റേജിൽ അഭിനയിച്ച് കാണികളുടെ കൈയടി വാങ്ങി അന്നത്തേക്കുള്ള അന്നത്തിന് വക കണ്ടെത്തിയിരുന്നെങ്കിലും ഇപ്പോൾ ഇവരുടെ ഭാവി ഇരുളടഞ്ഞു. പലരും വീടിനുള്ളിൽ ഒതുങ്ങികൂടി തങ്ങളുടെ ജീവിതം അഭിനയിച്ചു തീർക്കുകയാണ്.

അഭിനയമല്ലാതെ മറ്റൊരു തൊഴിലും വശമില്ലാത്ത ഭൂരിഭാഗം കലാകാരന്മാരുടെയും വീട് അർദ്ധ പട്ടിണിയിലാണ്. നാടൻ കലാരൂപങ്ങളും ശാസ്ത്രീയകലാരൂപങ്ങളും ക്ഷേത്രകലകളും ഒക്കെ ചേർന്ന് സമ്പന്നമായ ഒരു കലാപൈതൃകം നമ്മുടെ കേരളത്തിനുണ്ട്.

കൊവിഡ് ഭീതിയില്ലാതെ വീണ്ടും അരങ്ങിലെത്താൻ പ്രാർത്ഥനയോടെ വീടുകളിൽ കഴിയുകയാണ് ഇപ്പോൾ കലാകരന്മാർ. കലയെ ഉപജീവനമാർഗം എന്ന നിലയിൽ കണ്ടതാണ് ഭൂരിഭാഗം കലാകാരന്മാരും പട്ടിണിയിലാകാൻ കാരണം. ജീവിതം വഴിമുട്ടിയ കലാകാരന്മാർക്ക് സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് അടിയന്തര സഹായം ഉണ്ടാകണമെന്നാവശ്യം ശക്തമാണ്.

ലോക്ക് ഡൗണിൽ നഷ്ടമായത് രണ്ട് ഉത്സവ സീസണുകൾ

പട്ടിണിയിലായത് - 10000 ത്തോളം കലാകരന്മാർ

മറ്റൊരു തൊഴിലും അറിയില്ല വീട് പട്ടിണിയിൽ

സർക്കാരും തങ്ങളെ തിരിഞ്ഞുനോക്കുന്നില്ലെന്ന് കലാകരന്മാരുടെ പരാതി

പട്ടിണിയിലായ കലാകരന്മാർ

കഥകളി, മോഹിനിയാട്ടം, കൃഷ്ണനാട്ടം, കേരളനടനം, ചാക്യാർകൂത്ത്, നങ്ങ്യാർക്കൂത്ത്, പഞ്ചവാദ്യം, തുള്ളൽ, തെയ്യം, തിറയാട്ടം, ഗരുഡൻ തൂക്കം, കോലം തുള്ളൽ, പൂരക്കളി, കുമ്മാട്ടിക്കളി, കുത്തിയോട്ടം, പുള്ളുവൻ പാട്ട്, കാക്കാശ്ശി നാടകം, പടയണി, ഒപ്പന, മാപ്പിളപ്പാട്ട്, കോൽക്കളി, ദഫ് മുട്ട്, അറബനമുട്ട്, വട്ടപ്പാട്ട്, ചവിട്ടു നാടകം, അയനിപ്പാട്ട്, അടച്ചു തുറപ്പാട്ട്, ഓതിയാട്ടം, മാർഗംകളി, നാടകം, മിമിക്രി തുടങ്ങിയവ അവതരിപ്പിക്കുന്ന കലാകരന്മാരാണ് പ്രോഗ്രാം ഒന്നും കിട്ടാതെ ദുരിതത്തിലായിരിക്കുന്നത്.