ചിറയിൻകീഴ്: പെരുമാതുറ - താഴംപള്ളി മുതലപ്പൊഴി അഴിമുഖത്ത് മണൽത്തിട്ട രൂപപ്പെട്ടത് മത്സ്യത്തൊഴിലാളികളെയും നാട്ടുകാരെയും ഭീതിയിലാക്കുന്നു. ആഴ്ചകൾക്ക് മുൻപാണ് ഇവിടെ മണൽത്തിട്ട രൂപപ്പെട്ടത്.
അടിയന്തരമായി ഈ വിഷയത്തിന് പരിഹാരം കണ്ടെത്തിയില്ലെങ്കിൽ വരും നാളുകളിൽ കൂടുതൽ മണ്ണ് അടിഞ്ഞ് കൂടി അഴിമുഖം കടക്കാൻ സാധിക്കാത്ത അവസ്ഥയുണ്ടാകുമെന്നാണ് നാട്ടുകാർ പറയുന്നത്. ഒരിടവേളയ്ക്ക് മുൻപ് വരെ ഇവിടെ അപകടങ്ങളും മരണങ്ങളും തുടർക്കഥയായിരുന്നു.
മുതലപ്പൊഴി നിർമാണത്തിലെ അപാകതകളാണ് മിക്ക അപകടങ്ങൾക്കും കാരണം. അശാസ്ത്രീയ നിർമ്മാണത്തിന് പരിഹാരം കാണാനായി അഴിമുഖത്തെ വീതി കൂട്ടിയിരുന്നു. ഇതിന്റെ ഭാഗമായി അഴിമുഖത്ത് സ്ഥാപിച്ചിരുന്ന പുലിമുട്ടുകൾ നീക്കം ചെയ്തെങ്കിലും പൂർണമായും പാറകൾ വെള്ളത്തിൽ നിന്ന് നീക്കിയിട്ടില്ല. അവയിൽ പലതും വെള്ളത്തിനടിയിൽ കിടക്കുകയും ശക്തമായ തിരയിൽപ്പെട്ട് ബോട്ടുകൾ ഈ പാറകഷണങ്ങളിൽ ഇടിച്ച് മറിയുകയും മത്സ്യത്തൊഴിലാളികൾക്ക് നീന്തി പോലും രക്ഷപ്പെടാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടായിട്ടുണ്ട്.
വിഴിഞ്ഞം തുറമുഖത്തേക്ക് പാറകൾ മുതലപ്പൊഴി വഴി കൊണ്ടു പോകുന്നതിന് സർക്കാർ തലത്തിൽ അംഗീകാരമാവുകയും അതിന്റെ ഭാഗമായി അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അഴിമുഖത്ത് അവശേഷിക്കുന്ന പാറകൾ കൂടി നീക്കി ഡ്രജ്ജ് ചെയ്ത് ആഴം കൂട്ടുകയും ചെയ്തിരുന്നു.
കൂടുതൽ മണ്ണ് അടിഞ്ഞുകൂടിയാൽ അഴിമുഖം കടക്കാൻ ബോട്ടുകൾക്ക് കഴിയില്ല
മണൽത്തിട്ട രൂപപ്പെട്ടത് ഇവിടെ
അഴിമുഖത്തെ പെരുമാതുറ ഭാഗത്താണ് മണൽത്തിട്ട ആദ്യം കാണപ്പെട്ടത്. അഞ്ചിലേറെ മീറ്റർ ആഴമുള്ള ഇവിടെ ഇപ്പോൾ താഴ്ച വളരെക്കുറവാണ്. ലോക്ക് ഡൗണായതിനാൽ മത്സ്യത്തൊഴിലാളികളൊന്നും പഴയതുപോലെ കടലിൽ പോകുന്നില്ല. അപൂർവമായി കടലിലേക്ക് പോകുന്ന വള്ളങ്ങൾ അഴിമുഖം കടക്കുന്നത് അതീവ ശ്രദ്ധയോടെയാണ്.
മത്സ്യത്തൊഴിലാളികൾ പറയുന്നത്
പാറകൾ കൊണ്ട് പോകുന്നതുമായി ബന്ധപ്പെട്ട് പെരുമാതുറ ഭാഗത്ത് പുലിമുട്ട് മുറിച്ചിരുന്നു. ഇതിലെ അശാസ്ത്രീയതയും ആവശ്യത്തിന് ഈ ഭാഗത്ത് പുലിമുട്ടിന് നീളം ഇല്ലാത്തതുമാണ് അഴിമുഖത്തേക്ക് മണൽ അടിഞ്ഞ് കൂടുന്നതെന്നാണ് ഒരു വിഭാഗം മത്സ്യത്തൊഴിലാളികൾ പറയുന്നത്.