maru

നെയ്യാറ്റിൻകര: കരമന- കളിയിക്കാവിള ദേശീയപാതയിലെ നെയ്യാറ്റിൻകര ടിബി ജംഗ്ഷന് സമീപത്തുള്ള മരുത്തൂർപാലം എപ്പോഴും തിരക്കേറിയതാണ്. എന്നാൽ ഈ പാലത്തിലൂടെ യാത്രചെയ്യുന്നത് പേടിയോടെയാണ്.

ആയിരക്കണക്കിന് ചെറുതും വലുതുമായ വാഹനങ്ങളാണ് ഇടുങ്ങിയ പാലത്തിലൂടെ കടന്നുപോകാറുളളത്. പത്ത് മീറ്റർ മാത്രം വീതിയുള്ള പാലത്തിന് മുകളിൽ ബസോ ലോറിയോ എത്തിയാൽ ചെറിയ വാഹനങ്ങൾക്കോ കാൽനട യാത്രക്കാർക്ക് പോലും പാലത്തിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയാകും. വലിയവാഹനങ്ങൾ പാലത്തിന് മുകളിൽ എത്തിയാൽ അത് കടന്നുപോകുന്നതിന് മുന്നെ ഇവിടം ഗതാഗതകുരുക്കും അപകടവും നിത്യവുമാണ്. പലപ്പോഴായി നടന്ന അപകടങ്ങളിൽ മരണം വരെ സംഭവിച്ചിട്ടുണ്ട്.

 പാലത്തിന് നൂറ്റാണ്ടുകളുടെ പഴക്കം

നൂറ്റാണ്ടുകൾ പഴക്കമുളള പാലം അറ്റകുറ്റപ്പണി നടത്തി നവീകരണമെന്ന ആവശ്യത്തിന് വ‌ർഷങ്ങളുടെ പഴക്കമുണ്ട്. മാറിമാറി വരുന്ന സർക്കാരുകളൊന്നും പാലം നവീകരിക്കുന്നതിന് പദ്ധതി തയാറാക്കിയിട്ടില്ല. നൂറ് വർഷത്തിലേറെ പഴക്കമുള്ള പാലം ഇപ്പോൾ ജീ‌ർണ്ണിച്ച് അപകടാവസ്ഥയിലുമാണ്. രാജഭരണ കാലത്ത് കരിങ്കല്ലും കുമ്മായവും ഉപയോഗിച്ച് നിർമ്മിച്ച പാലത്തിന്റെ കൈവരികൾ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തിയതല്ലാതെ മറ്റ് നവീകരണപ്രവർത്തനങ്ങളൊന്നും പാലത്തിൽ നടത്തിയിട്ടില്ല.

 പാലം നിർമ്മിച്ചത്.... രാജഭരണ കാലത്ത്

 നിർമ്മാണത്തിന് ഉപയോഗിച്ചത്........ കരിങ്കല്ലും കുമ്മായവും

 ആകെ നടന്നത്..............കൈവരികൾ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തി

അപകടം പതിവ്

വളവിലായി വരുന്ന ഈ പാലത്തിന്റെ ഇരുവശങ്ങളിലും പാഴ്ചെടികൾ വളർന്ന് കിടക്കുന്നതിനാൽ പാലത്തിന്റെ വീതി കുറവ് മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. അപരിചിതരായ വാഹനയാത്രക്കാരാണ് പലപ്പോഴും ഇവിടെ അപകടത്തിൽപ്പെടുന്നത്. രാത്രി സമയത്ത് വാഹനയാത്രക്കാർക്ക് പാലത്തിന്റെ സ്ഥിതി മനസ്സിലാക്കാൻ കഴിയാറില്ല. അതാണ് പെട്ടന്നുളള അപകടത്തിന് കാരണമാകുന്നത്. രണ്ട് ചെറിയ അപകട മുന്നറിയിപ്പ് സൂചികകളല്ലാതെ വേറെ അപായ മുന്നറിയിപ്പ് അടയാളങ്ങളോ ഹംബുകളോ ഇവിടെയില്ല. അതിനാൽ അമിത വേഗത്തിൽ ഇറക്കം ഇറങ്ങി വരുന്ന വാഹനങ്ങൾ അതേ വേഗത്തിൽ പാലം കടക്കുമ്പോഴാണ് അപകടം സംഭവിക്കുന്നത്. നിരവധി വാഹനങ്ങൾ കൈവരി തകർത്ത് തോട്ടിലേക്ക് വീണ സംഭവങ്ങളുമുണ്ടായിട്ടുണ്ട്.

വർഷങ്ങൾക്ക് മുമ്പ് ഇവിടെ അർദ്ധരാത്രിയിൽ ടാങ്കർ ലോറി കാറുമായി കൂട്ടിയിടിച്ച് ഗർഭിണിയടക്കം നാലുപേർ മരിച്ചിരുന്നു. പാലത്തിന് ഇരുവശത്തും നടപ്പാലം നിർമ്മിച്ച് നൽകണമെന്നും പാലം അടിയന്തരമായി അറ്റകുറ്റപ്പണി നടത്തി നവീകരിയ്ക്കണമെന്നുമാണ് പ്രദേശവാസികളുടെ അഭിപ്രായം.

അപകടഭീഷണിയിൽ തുടരുന്ന മരുത്തൂർ പാലത്തിന് പകരം പുതിയ പാലം നിർമ്മാക്കാൻ അധികൃതർ വേണ്ട നടപടി സ്വീകരിക്കണം

ചെമ്പരത്തിവിള സുരേഷ്,​ കേരള കോൺഗ്രസ്(ബി)​ നിയോജകമണ്ഡലം പ്രസിഡന്റ്