വർക്കല: കൊവിഡിന്റെയും ലോക്ക് ഡൗണിന്റെയും പ്രതിസന്ധികൾക്കിടയിൽ ജീവിതം തുന്നിച്ചേർക്കാനാകാതെ വർക്കല താലൂക്കിലെ ചെരുപ്പ് - കുട തുന്നൽ തൊഴിലാളികൾ നട്ടം തിരിയുന്നു. ചെരുപ്പും കുടയും തുന്നി കുടുംബം പുലർത്തുന്ന നിരവധി പേരാണ് മതിയായ വരുമാനം ലഭിക്കാതെ നിത്യദാരിദ്ര്യത്തിലേക്ക് നീങ്ങുന്നത്. രോഗവ്യാപനവും ലോക്ക് ഡൗണും കാരണം തൊഴിലില്ലാതെ വരുമാനം നഷ്ടപ്പെട്ട ചെരുപ്പ് തുന്നൽ തൊഴിലാളികൾ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരും തയ്യാറായിട്ടില്ല.
വർക്കല ടൗണിലെ തെരുവോരത്ത് ചെരുപ്പ് തുന്നൽ പണിയിൽ ഏർപ്പെട്ടിരിക്കുന്ന തമിഴ്നാട് സ്വദേശിയായ വൈരമുത്തു ( 48), രാമന്തളി കനാൽ പുറമ്പോക്ക് സ്വദേശികളായ തമ്പി (60), വിജയൻ(54), ഇടവ മേക്കുളം സ്വദേശി സത്യൻ(60), വർക്കല തൊടുവേ കനാൽ പുറമ്പോക്ക് സ്വദേശി ബാബു (62) എന്നീ ചെരുപ്പ് തുന്നൽ തൊഴിലാളികൾ ഇപ്പോഴും കടുത്ത ദാരിദ്ര്യം നേരിടുകയാണ്. ഇവരെ പോലെ നിരവധി പേരാണ് താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പട്ടിണിയിൽ കഴിയുന്നത്. ഈ മാസം മാസം രണ്ട് തവണയാണ് പണിക്ക് പോയത്. അന്ന് കിട്ടിയ തുക പച്ചക്കറിക്കടയിലും പലചരക്ക് കടയിലും പറ്റു തീർക്കാനേ കഴിഞ്ഞുള്ളൂവെന്ന് ഇവർ പറയുന്നു.
ലോക് ഡൗൺ കഴിഞ്ഞാലും ചെരിപ്പും കുടയും ഉൾപ്പെടെയുള്ളവ റിപ്പയർ ചെയ്യണമെങ്കിൽ അതിനുവേണ്ട സാധനസാമഗ്രികൾ കൊല്ലത്ത് നിന്നെത്തണം. അവ കിട്ടിയില്ലെങ്കിൽ ലോക് ഡൗൺ കഴിഞ്ഞാലും പണി എങ്ങനെ മുന്നോട്ട് കൊണ്ടുപോകുമെന്ന ആശങ്കയിലാണ് ഇവർ.
ദുരിതമനുഭവിക്കുന്ന ചെരുപ്പ് തുന്നൽ തൊഴിലാളി വിഭാഗത്തിന് സർക്കാർ തലത്തിലോ പ്രാദേശിക തലത്തിലോ ആശ്വാസ പദ്ധതികൾ നടപ്പിലാക്കാൻ അധികൃതർ മുന്നോട്ടു വരണമെന്നാണ് ഇവരുടെ ആവശ്യം.
താമസം ബുദ്ധിമുട്ടിൽ
വർഷങ്ങൾക്ക് മുൻപ് തമിഴ്നാട്ടിൽനിന്ന് കുടിയേറിയ ചക്കിലിയാൻ വിഭാഗത്തിൽപ്പെട്ടവരും ഈ തൊഴിൽ മേഖലയുമായി ബന്ധപ്പെട്ട് വർക്കല താലൂക്കിൽ പലയിടത്തും കുടുംബങ്ങളുമായി കഴിയുന്നുണ്ട്. സ്വന്തമായി ഭൂമിയോ വീടോ ഇല്ലാത്തവരാണ് ഇവരിലധികവും. കോളനികളിൽ പലരുടെയും സഹായത്താലാണ് വാടക വീടുകളിൽ കഴിയുന്നത്. ചിലർ തെരുവുകളിൽ തന്നെ അന്തിയുറങ്ങുകയാണ്.
നന്നാക്കാൻ കിട്ടിയത് കെട്ടിക്കിടക്കുന്നു
ലോക്ക് ഡൗണിന് മുൻപ് നന്നാക്കാൻ കിട്ടിയ ചെരുപ്പുകളും കുടകളും, പണി സാധനങ്ങളും ഇപ്പോഴും ഇവരുടെ താത്കാലിക ഷെഡിൽ നശിച്ചുകിടക്കുകയാണ്. തെരുവിൽ പണിയെടുക്കുന്ന ഇവർക്ക് സ്ഥായിയായ ഒരു വരുമാനം പോലും ഇല്ലെന്നുള്ളതാണ് വാസ്തവം.
പ്രതിസന്ധിയിലായി കുട്ടികളുടെ പഠനം
നിത്യചെലവിന് തന്നെ ബുദ്ധിമുട്ടുന്ന ഇവരുടെ മക്കളുടെ വിദ്യാഭ്യാസവും ഇപ്പോൾ പ്രതിസന്ധിയിലാണ്. ഓൺലൈൻ ക്ലാസിൽ പങ്കെടുക്കണമെങ്കിൽ ടി.വി ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇവർക്ക് വേണം. എന്നാൽ വാടക വീട്ടിലും മറ്റുംകഴിയുന്ന ഇവരെ തേടി ആരും ചെല്ലാറില്ല. കുട്ടികളിൽ പലരും അയൽപക്കത്തുകാരുടെ ഔദാര്യത്തിലാണ് പഠനം തുടരുന്നത്.