ആറ്റിങ്ങൽ: ആറ്റിങ്ങൽ കൊടുമൺ നവോദയ ജംഗ്ഷൻ വൃന്ദാവനം വീട്ടിൽ അഭിരാജിന് കന്നുകാലികളോട് ഏറെ പ്രിയമാണ്. വീട്ടിൽ നിറയെ പശുക്കളാണ്. സ്വന്തമായുള്ളതും വളർത്താൻ പാടുപെടുന്ന പശുസ്നേഹികളുടേതുമാണ് ഇവ.
കൊവിഡ് ബാധിച്ച് വീടിനുള്ളിൽ അടച്ചിരിക്കേണ്ടിവന്നവരുടെ പശുക്കളെയാണ് സ്വന്തമായി കാശ് മുടക്കി അഭിരാജ് സ്വന്തം വീട്ടിൽ കൊണ്ടുവന്ന് ഇപ്പോൾ പരിപാലിക്കുന്നത്. വീട്ടുകാരുടെ ക്വാറന്റൈൻ കഴിയുന്നതുവരെ പശുക്കളെ പരിപാലിക്കാനാണ് തീരുമാനം.
പശു പരിപാലനം മാത്രമല്ല, ആറ്റിങ്ങൽ നഗരസഭ ഇരുപത്തിമൂന്നാം വാർഡ് കൗൺസിലർ പി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ നടക്കുന്ന കമ്മ്യൂണിറ്റി കിച്ചൺ വഴി വാർഡിലെ വിവിധ വീടുകളിലേക്ക് ഭക്ഷണം എത്തിക്കാനും അഭിരാജ് മുന്നിലുണ്ട്. പാട്ടത്തിന് എടുത്ത ഭൂമിയിൽ സ്വന്തമായി കൃഷിയും നടത്തുന്നുണ്ട്.
അഭിരാജിന് സ്വന്തമായി 6 കറവപ്പശുക്കളും 6 പശുക്കുട്ടികളും രണ്ട് പോത്തുകളും ഉണ്ട്. സഹായിക്കാൻ കർഷകനായ പിതാവ് രാജേന്ദ്രൻ കുറുപ്പും ഒപ്പമുണ്ട്. പൊതു പ്രവർത്തകനായ അഭിരാജ് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റും നവോദയ റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയുമാണ്.